ടൗട്ടെ ചുഴലിക്കാറ്റ്: 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്തെ 9 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കൻ ജില്ലകളിൽ മാത്രമായിരുന്നു റെഡ് അലർട്ട് ഉണ്ടായിരുന്നത്. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയവയ്ക്കും സാധ്യത ഉണ്ട്.

ടൗട്ടെ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി, മണിക്കൂറിൽ 11 കിലോ മീറ്റർ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് പകൽ 08.30 ന് 12.8 °N അക്ഷാംശത്തിലും 72.5°E രേഖാംശത്തിലും എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 6 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുകയും തുടർന്ന് 12 മണിക്കൂറിനുള്ളിൽ അതിശക്ത ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

Comments (0)
Add Comment