തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരമാവധി സഹായം നല്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘മന്ന ചലഞ്ച്-2021’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വൈ.എം.സി.എയിൽ നടന്നു. റീജിയൻ ചെയർമാൻ ജോസ് ജി.ഉമ്മൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വൈഎംസിഎ പ്രസിഡൻ്റ് ഷെവലിയാർ ഡോ.കോശി എം. ജോർജ് ആമുഖ പ്രഭാഷണം നടത്തി. ദേശിയ ചെയർമാൻ ജസ്റ്റിസ് ബഞ്ചമിൻ കോശി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദേശിയ ജനറൽ സെക്രട്ടറി ബെട്രം ദേവദാസ് മുഖ്യാതിഥിയായിരുന്നു. ഭക്ഷണ പൊതികളുടെ വിതരണോദ്ഘാടനം നിയുക്ത ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി നിർവഹിച്ചു.
വൈസ് ചെയർമാൻ പ്രൊഫ. അലക്സ് തോമസ്, ട്രഷറാർ വർഗ്ഗീസ് അലക്സാണ്ടർ, തിരുവനന്തപുരം വൈഎംസിഎ ജനറൽ സെക്രട്ടറി ഷാജി ജയിംസ് എന്നിവർ ആശംസ പ്രസംഗം നടത്തി. കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി തെരുവിൽ അലയുന്നവർ, അനാഥർ, നിർധന രോഗികൾ, വെള്ളപൊക്കം മൂലം ദുരിതമനുഭവിക്കുന്നവർ എന്നിവരെ കണ്ടെത്തി സംസ്ഥാന വൈഎംസിഎയുടെ 543 യൂണിറ്റുകളിലും വൈഎംസിഎ സന്നദ്ധ സേന കമ്മ്യൂണിറ്റി സർവീസ് പ്രോജക്ടിലൂടെ ‘മന്ന ചലഞ്ച്’ പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി ഡോ. റെജി വർഗ്ഗീസ് പറഞ്ഞു.