തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം 15 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനങ്ങളിൽ ആശങ്ക പടരുന്നുണ്ട്. എന്നാൽ ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്നും അതുകൊണ്ട് രോഗികളെ ചികിത്സിക്കാൻ വിമുഖത കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടിൽ കണ്ടുവരുന്ന ഒരു പൂപ്പലാണ് ഇതെന്നും, നേരത്തെ ഈ രോഗത്തിന്റെ 40 % വും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണാതീതമായി പ്രമേഹമുള്ളവരിലാണ് രോഗം അപകടകാരിയാകുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും, കാൻസർ രോഗികളിലും രോഗം കണ്ടെത്താറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.