ക്രൈസ്തവ സമൂഹത്തിന് പുതു പ്രതീക്ഷ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അന്തിമ ഗസറ്റ് വിജ്ഞാപനത്തിൽ നിർണ്ണായകമായ മാറ്റം. മുന്‍പ് നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മന്ത്രിസഭ പട്ടികയില്‍ വി. അബ്ദുറഹ്മാനായിരിന്നു ന്യൂനപക്ഷ വകുപ്പ് നല്‍കിയിരിന്നത്. ക്രൈസ്തവ സമൂഹത്തോടുള്ള കനത്ത വിവേചനത്തെ തുടര്‍ന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് വലിയ വിവാദങ്ങള്‍ക്കു ഇടയായിരുന്നു. മാറിമാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തില്‍ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവര്‍ക്ക് നല്‍കണമെന്നാവശ്യം ശക്തമായ രീതിയില്‍ അലയടിച്ചിരിന്നു. വിവിധ ക്രൈസ്തവ സംഘടനകളും സമാനമായ ആവശ്യവുമായി രംഗത്തെത്തി. 80:20 ശതമാനം എന്ന രീതിയില്‍ ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സര്‍ക്കാര്‍ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നുമായിരുന്നു അവർ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന മന്ത്രിസഭ പട്ടികയില്‍ ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവരുടെ ആവശ്യം പരിഗണിക്കാതെ മലപ്പുറം താനൂരില്‍ നിന്ന് ജയിച്ചു നിയമസഭയിലേയ്ക്കു എത്തിയ വി. അബ്ദുറഹ്‌മാനാണ് നല്കിയത്. ഇതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായി വ്യക്തമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്. എന്നാല്‍, കേരളത്തില്‍ 80 ശതമാനം മുസ്ലിം ന്യൂനപക്ഷത്തിനും 20 ശതമാനം മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് അനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ പുലര്‍ത്തുന്നത് എന്നതു വിവരാവകാശ രേഖകളിലൂടെ ബോധ്യമായിട്ടുണ്ട്. തികച്ചും അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ഈ അനുപാതം പിന്തുടരുന്നതിലൂടെ ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണു ചെയ്തുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രത്യേക കോച്ചിംഗ് സെന്ററുകള്‍ അനുവദിച്ചിരിക്കുന്നതില്‍ ഒരെണ്ണം പോലും ക്രൈസ്തവ സമുദായത്തിനു ലഭിച്ചിട്ടില്ല. തൃശൂര്‍ ജില്ലയില്‍ ഒരെണ്ണം അനുവദിച്ചിട്ടുണ്ട് എന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ കോട്ടയത്തു നടന്ന സിറ്റിംഗില്‍ ഒരു മാധ്യമ പ്രവര്‍ത്തകനോട് വെളിപ്പെടുത്തിയിരിന്നു. എന്നാല്‍ അത് ഏതു സഭയാണ് അഥവാ ക്രൈസ്തവ സംഘടനയാണു നടത്തുന്നതെന്ന കാര്യത്തില്‍ അദ്ദേഹത്തിനും വ്യക്തതയില്ലായിരുന്നു. അതേസമയം, സംസ്ഥാന ന്യൂനപക്ഷക്ഷേമകാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ തൃശൂര്‍ ജില്ലയിലുള്ള ഏക സെന്റര്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നതായാണു രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്ലിം സംഘടനകള്‍ നടത്തുന്ന കോച്ചിംഗ് സെന്ററുകളില്‍ 100 പേരുടെ ബാച്ചില്‍ 80 മുസ്ലിംകള്‍ക്കു പ്രവേശനം നല്‍കുമ്പോള്‍ മറ്റെല്ലാ ന്യൂനപക്ഷങ്ങള്‍ക്കു കൂടിയും 20 പേര്‍ക്കു മാത്രമാണ് അവസരം ലഭിക്കുന്നത്. മുസ്ലിം സംഘടനകളുടെ നിയന്ത്രണത്തിലുള്ള സെന്ററുകളില്‍ ചുരുക്കം സീറ്റുകള്‍ അനുവദിക്കുന്നതിനു പകരം ക്രൈസ്തവ സംഘടനകളുടെ നിയന്ത്രണത്തില്‍ പൂര്‍ണമായും ക്രൈസ്തവര്‍ക്കു മാത്രമായി നടത്തുന്ന കോച്ചിംഗ് സെന്ററുകള്‍ അനുവദിക്കാന്‍ നടപടി ഉണ്ടാകണമെന്നടതടക്കമുള്ള നിരവധി ആവശ്യങ്ങളാണ് ക്രൈസ്തവ സമൂഹത്തിനുള്ളത്. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ അര്‍ഹമായ പ്രാതിനിധ്യം ക്രൈസ്തവര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

Comments (0)
Add Comment