സൗഹൃദവേദിയുടെ ‘അകലെയാണെങ്കിലും നാം അരികത്ത്’ പദ്ധതിക്ക് തുടക്കമായി

എടത്വ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരമാവധി സഹായം നല്കുന്നതിനും ലക്ഷ്യമിട്ട് സൗഹൃദവേദിയുടെ ‘അകലെയാണെങ്കിലും നാം അരികത്ത്’ പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ വർഷം ലോക്ഡൗൺ ആരംഭിച്ച സമയംമുതൽ ജനക്ഷേമ പ്രവർത്തനങ്ങൾക്കും കോവിഡ് വ്യാപനം തടയുന്നതിനും സജീവമായി രംഗത്ത് നിലകൊള്ളുന്ന കൂട്ടായ്മയാണ് സൗഹൃദവേദി.

കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് 10 കിലോ അരി, മാസ്ക്, ഹാൻഡ് വാഷ് ഉൾപ്പെടെ 17 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യങ്ങളും പിഞ്ചു കുഞ്ഞുങ്ങളള്ള വീടുകളിൽ പാൽപൊടിയും ഉൾപെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. എടത്വ പപ്പാസ് ഫാമിലി മാർട്ടിൻ്റെ സഹകരണത്തിൽ സുമനസ്സുകളുടെ സഹായത്തോടെയാണ് സൗഹൃദവേദി ഈ പദ്ധതി നടപ്പിലാക്കുന്നത്.

വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. എടത്വ പ്രിൻസിപ്പൽ എസ്.ഐ. ഷ്യാംജി പദ്ധതി ഉദ്ഘാടനം ചെയ്തു. ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾക്ക് സൗഹൃദവേദി നല്കുന്ന കിറ്റുകൾ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം, വിശാഖ് കെ.പി, എ.ഡി.എസ്. ചെയർപേഴ്സൺ സുലേഖ വി.എസ്, ആശ വർക്കർ സുജ മനോജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സി.പി.ഒ.മാരായ വിഷ്ണു, വിനു, സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ, സുധീർ കൈതവന, എൻ.കെ. ഭാസ്കരൻ, സിബി ശീലാസ്, സജൻ തങ്കപ്പൻ, സാം മാത്യു, ദാനിയേൽ തോമസ്, പ്രെയ്സൺ കോശി, ഏബ്രഹാം വർഗ്ഗീസ് മംഗലത്ത്, സെബിൻ കുര്യൻ എന്നിവർ കോവിഡ് ബാധിച്ച ഭവനങ്ങൾ സന്ദർശിച്ച് കിറ്റുകൾ വിതരണം ചെയ്തു.

Comments (0)
Add Comment