അടൂർ: മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ 52-ാമത് അധ്യയന വർഷവും (2021-’22 ), മ്യൂസിയം സമർപ്പണവും ജൂൺ 16-ാം തീയതി ബുധനാഴ്ച രാവിലെ 10.00 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ നിർവഹിക്കും. പ്രിൻസിപ്പൽ ഡോ. ആനി ജോർജ്ജ് അധ്യക്ഷത വഹിക്കും. ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈമൺ സാമൂവേൽ മുഖ്യപ്രഭാഷണം നടത്തും. പുതിയ അക്കാദമിക് വർഷം ആരംഭിക്കുന്നതിനോടൊപ്പം എഫ്ടിഎസ് സുവർണജൂബിലിയുടെ ഭാഗമായി നിർമിച്ച പെന്തെകൊസ്തു ചരിത്രത്തിലെ നിർണായക നിമിഷങ്ങളും സെമിനാരി സ്മരണകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മ്യൂസിയത്തിന്റെ സമർപ്പണവും നിർവഹിക്കപ്പെടും. റോമർ 5:3-5 അടിസ്ഥാനമാക്കി ‘പ്രതിസന്ധികളിൽ പ്രത്യാശ’ (Hope in Crisis) എന്നതാണ് ഈ വർഷം തീം ആയി തിരഞ്ഞെടുത്തിട്ടുള്ളത്.
ഈവർഷം ക്രിസ്ത്യൻ തിയോളജി, ക്രിസ്ത്യൻ എത്തിക്സ് എന്നീ രണ്ടു ശാഖകളിൽ കൂടി ഗവേഷണം (ഡോക്ടർ ഓഫ് തിയോളജി – D.Th.) നടത്തുന്നതിന് തുടക്കം കുറിക്കും. നിലവിൽ പുതിയനിയമം, ക്രിസ്ത്യൻ തിയോളജി, ക്രിസ്ത്യൻ എത്തിക്സ് എന്നീ മൂന്നു ശാഖകളിൽ ഗവേഷണം (D.Th.) നടത്തുന്നതിന് സെറാംപൂർ സർവകലാശാലയുടെ അംഗീകാരമുണ്ട്. പുതിയനിയമം, പഴയനിയമം, ക്രിസ്ത്യൻ തിയോളജി, സഭാചരിത്രം, ക്രിസ്ത്യൻ എത്തിക്സ് എന്നീ അഞ്ചു ശാഖകളിൽ ബിരുദാനന്ത ബിരുദവും (M.Th.) ഡിഗ്രി പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 4 വർഷം കൊണ്ടും പ്ലസ്ടു പാസായവർക്ക് 5 വർഷം കൊണ്ടും ബാച്ചിലർ ഓഫ് ഡിവിനിറ്റി(B.D.) ബിരുദം സമ്പാദിക്കാം. കോഴ്സുകളെക്കുറിച്ച് അറിയുന്നത്തിനും അപേക്ഷിക്കുന്നതിനും ftseminary.com എന്ന വെബ്സൈറ്റ് കാണുക.
യൂട്യൂബിൽ തൽസമയം വീക്ഷിക്കുന്നതിനുള്ള ലിങ്ക്: http://youtube.com/ftsmanakala