എറണാകുളം : കോവിഡ് 19 മഹാമാരിയാല്‍ ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ദൈവം നല്കിയ താലന്തുകളിലൂടെ സംഗീത രംഗത്ത് ശുശ്രൂഷ ചെയ്യുന്ന കലാകാരന്മാർക്ക് കൈത്താങ്ങാവുകയാണ് ക്രിസ്ത്യന്‍ മ്യൂസീഷന്‍സ് ഫെലോഷിപ്പ് (CMF). കോവിഡ് ബാധിതരും, മറ്റു രോഗങ്ങളാല്‍ ക്ലേശിക്കുന്നവരുമായ ഒട്ടേറെപേർക്ക് സഹായത്തിന്റെ കരം നീട്ടാന്‍ ദൈവജനത്തിന്റെ സഹകരണത്താല്‍ സി.എം.എഫിനു കഴിഞ്ഞു.
സംഘടനയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള 400 കലാകാരന്മാർക്ക് പത്ത് ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കി. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ഭവന രഹിതരായ 8 കലാകാരന്മാർക്ക് 3 സെന്റ് സ്ഥലത്തോടുകൂടെ വീടുവെച്ചു നല്കുവാനുള്ള പദ്ധതിയും തയ്യാറായി വരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും ഭവനം നല്‍കുക. ഇതിനായി സെലക്ഷന് കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ സാംസണ് കോട്ടൂർ അധ്യക്ഷത വഹിച്ചു. ബിനോയ് ചാക്കോ, നിർമ്മല പീറ്റർ, വിത്സണ് ചേന്ദനാട്ടില്‍, സുനിൽ സോളമന്, ടോണി ഡി. ചെവ്വൂക്കാരന്‍, ഇമാനുവല്‍ ഹെന്‍ടി, ബിനു ചാരുത എന്നിവർ പ്രസംഗിച്ചു. ജോസ് ജോർജ് നന്ദി രേഖപ്പെടുത്തി.