കുമ്പനാട്: പെന്തക്കോസ്ത് വിവാഹ ശുശ്രൂഷകളിൽ വിശുദ്ധ വേദപുസ്തകത്തിനും പെന്തക്കോസ്ത് മൂല്യങ്ങൾക്കും ഒട്ടും ചേരാത്ത ചില പ്രവണതകൾ കണ്ടുവരുന്നതായി ഐ.പി.സി സ്റ്റേറ്റ് കൗൺസിലിന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിവാഹ ശുശ്രുഷകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ പുറത്തിറക്കി. മുൻകാലങ്ങളിലൂം ഇതു സംബന്ധിച്ചുള്ള ഐ.പി.സി.യുടെ നിലപാടുകൾ പ്രാദേശിക സഭകളെ അറിയിച്ചിരുന്നു. ഈ വിഷയം സംബന്ധിച്ച് 4-5-2021 -ൽ കൂടിയ സ്റ്റേറ്റ് കൗൺസിലിന്റെയും എക്സിക്യൂട്ടിവിന്റേയും തീരുമാനങ്ങളാണ് ഇപ്പോൾ സ്റ്റേറ്റ് കൗൺസിൽ ഉന്നത ഭാരവാഹികളുടെ പേരിൽ സെക്രട്ടറി ഷിബു നെടുവേലിയുടെ ഒപ്പോടു കൂടിയ കത്തിലാണ് സഭകളെ അറിയിച്ചിരിക്കുന്നത്. മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു:
1. വിവാഹനിശ്ചയവും വിവാഹവും ഒരു ദിവസം ഒരേ വേദിയിൽ നടത്തുവാൻ പാടില്ല.
2. വിവാഹത്തിന് മുമ്പ് എഴുതി തയ്യാറാക്കി കൊണ്ടുവരുന്ന വിവാഹ സർട്ടിഫിക്കറ്റ് വിവാഹവേദിയിൽ വെച്ച് നൽകരുത്,
3. നമ്മുടെ സഭയിൽ നടക്കുന്ന ഒരു വിവാഹവും മറ്റ് സംഘടനകളിൽപെട്ട ഒരു ശുശ്രൂഷകനെകൊണ്ടും നടത്തരുത്. നമ്മുടെ ലോക്കൽ സഭയിലെ വിവാഹ രജിസ്റ്ററിൽ മറ്റ് പ്രസ്ഥാനങ്ങളിലെ ശുശ്രൂഷകന്മാർ വിവാഹം നടത്തി ഒപ്പിടുന്നത് നിയമപരമായി തെറ്റാണ്.
4, വിവാഹത്തിന് മുമ്പ് സേവ് ദി ഡേറ്റ് എന്ന പേരിൽ പൊതുസ്ഥലങ്ങളിൽ നിയുക്ത വരനും വധുവും സഞ്ചരിക്കുകയും ഫോട്ടോ, വീഡിയോ മൂതലായവ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നത് തെറ്റാണ്.
5. വിവാഹ ശൂശ്രൂഷ ദൈവസാന്നിദ്ധ്യത്തിൽ നടത്തപ്പെടേണ്ട ശ്രുശൂഷയാണ്, ആകയാൽ ദൈവവചനത്തിന് നിരക്കാത്ത വസ്ത്രധാരണങ്ങൾ പാടുള്ളതല്ല.
6, “സ്ത്രീ തലയിൽ മൂടുപടം ഇടേണം” എന്ന വചനപ്രകാരം മണവാട്ടി തലയിൽ മൂടുപടം ഇടുകയും മാന്യമായ വസ്ത്രം ധരിക്കുകയും മണവാളൻ ക്രിസ്തുവിന് നിഴൽ ആകയാൽ യോഗ്യമായ വസ്ത്രവുമേ ധരിക്കാവൂ.
7. വിവാഹ ശുശ്രൂഷയിലോ വിവാഹശേഷമുള്ള സൽക്കാരങ്ങളിലോ വേദിയിലോ സദസ്സിലോ ദൈവനാമം ദുഷിക്കപ്പെടുന്ന പാശ്ചാത്യ നൃത്തങ്ങളോ സംഗീതങ്ങളോ പാടില്ല.
8. ലോക്കൽ സഭാശുശ്രൂഷകന്മാർ വേദപുസ്തക അടിസ്ഥാനത്തിൽ കുടുംബ ജീവിതത്തെക്കുറിച്ച്
വിവാഹിതരാകുവാൻ പോകുന്നവർക്ക് ക്ലാസ്സുകൾ എടുത്തിരിക്കണം,
9. പൊതുവിൽ നിന്നും ശുശ്രൂഷയ്ക്ക് ക്ഷണിക്കുന്ന ശുശ്രൂഷകന്മാർ വധൂവരന്മാരുടെ പശ്ചാത്തലം ലോക്കൽ സഭാ ശുശ്രൂഷകന്മാരോട് അന്വേഷിച്ചിരിക്കണം.
10. മുകളിൽ പ്രസ്താവിക്കപ്പെട്ട വിഷയങ്ങൾ സഭാശുശ്രൂഷകൻ സഭയിൽ കർശനമായി ഉപദേശിക്കുകയും അവരെ ബോധവൽക്കരിക്കയും ചെയ്യണം.
വിവാഹമോചനം ദൈവം വെറുക്കുന്ന പാപമാണെന്നും പെന്തക്കോസ്തു സമൂഹത്തിൽ വിശേഷാൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ കുടുംബബന്ധങ്ങൾ
തകരാതിരിപ്പാൻ ശുശ്രൂഷകന്മാരും ദൈവജനവും, പ്രത്യേകം ശ്രദ്ധിക്കുകയും പ്രാർത്ഥിക്കുകയും
ചെയ്യേണമെന്നും “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്”, ദൈവത്താൽ സ്ഥാപിതമായ കുടുംബ ജീവിതത്തോടുള്ള ശത്രുവിന്റെ പോരാട്ടത്തെ ജയിപ്പാൻ ദൈവവചനം അനുസരിക്കുകയും ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം എന്ന് ഓർപ്പിച്ചുകൊണ്ടുമാണ് കത്ത് അവസാനിക്കുന്നത്.
വാർത്തകൾ വേഗത്തിൽ അറിയാൻ.
ശാലോം ധ്വനി ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ടച്ച് ചെയ്യുക?