കുമ്പനാട്: സൺഡേസ്ക്കൂൾ പഠനത്തിനു നവ്യാനുഭവം ഒരുക്കി വീടുകൾ വേദപഠനമുറികളാകുന്നു. അധ്യാപകരുടെ മുൻപിൽ ഇരുന്നിരുന്ന കുരുന്നു കുസൃതികുടുക്കകൾ മുതൽ ടീനേജ് പിന്നിട്ട പ്രതിഭകൾക്കു വരെ വീട്ടിലെ പഠനാനുഭവം വ്യത്യസ്തമാകും.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (IPC) സൺഡേസ്ക്കൂൾസ് അസോസിയേഷനാണ് ജൂലൈ 4 (ഞായർ) മുതൽ ഓൺലൈൻ സൺഡേസ്ക്കൂളിനു തുടക്കമിടുന്നത്.
കോവിഡിൻ്റെ മൂന്നാം തരംഗം കുട്ടികളെയാകും ഏറെ ബാധിക്കുക എന്ന് വിദഗ്ദർ അഭിപ്രായപ്പെടുമ്പോൾ നാം ജാഗ്രതയോടെയും പ്രാർത്ഥനയോടെയും ഭവനങ്ങളിൽ തന്നെയിരുന്ന് ക്ലാസുകളിൽ പ്രവേശിക്കുകയാണ്.
സൺഡേസ്ക്കൂൾ സമയത്ത് തന്നെ രാവിലെ അര മണിക്കൂർ യൂട്യൂബിലൂടെയാണ് നഴ്സറി മുതൽ പതിനഞ്ചാം ക്ലാസ് വരെയുള്ള ഓൺലൈൻ ക്ലാസ് നടക്കുന്നത്.
വിദഗ്ദരായ അധ്യാപകർ ക്ലാസുകൾ നയിക്കും. സൺഡേസ്ക്കൂൾ വിദ്യാഭ്യാസ കലണ്ടർ പകുതി വർഷം പിന്നിട്ടതിനാൽ ഈ വർഷം അവസാന പകുതി ഭാഗങ്ങളിൽ നിന്നാകും ക്ലാസുകൾ നടക്കുന്നത്. അവസാന പകുതി ഭാഗത്തു നിന്നും ഡിസംബറിൽ പരീക്ഷയും ഉണ്ടാകും.
IPC Online Sundayschool എന്ന പേരിലുള്ള യൂട്യൂബ് ചാനലിൻ്റെയും ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകളുടെയും സമർപ്പണം 2021 ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.
ഡയറക്ടർ കുര്യൻ ജോസഫ്, ജനറൽസെക്രട്ടറി പാസ്റ്റർ ജോസ് തോമസ് ജേക്കബ്, ട്രഷറർ അജി കല്ലുങ്കൽ, ഡെപ്യൂട്ടി ഡയറക്ടർമാരും പാസ്റ്റർമാരുമായ സാം വർഗീസ്, തോമസ് മാത്യു ചാരുവേലിൽ, ജെയിംസ് ഏബ്രഹാം മാവേലിക്കര, അസോസിയേറ്റ് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, കമ്മറ്റി അംഗങ്ങളായ ഫിന്നി പി.മാത്യു, പാസ്റ്റർ ടി.എ.തോമസ്, പാസ്റ്റർ ജിജി ചാക്കോ, റോയി ആൻ്റണി, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവരാണ് സൺഡേസ്ക്കൂൾ ഓൺലൈൻ സമതിക്ക് നേതൃത്വം നൽകുന്നത്. അസോസിയേറ്റ് സെക്രട്ടറിമാരായ പാസ്റ്റർ സി.ടി.ജോൺ, സണ്ണി ഏബ്രഹാം, കമ്മറ്റി അംഗങ്ങളായ പി.എം.ഫിലിപ്പ്, പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ, സജി എം.വർഗീസ്, പാസ്റ്റർ പി.വി.ഉമ്മൻ, ബെന്നി പുള്ളോലിക്കൽ, പി.പി.ജോൺ,പാസ്റ്റർ ജിസ്മോൻ എന്നിവരും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
വിവിധ മേഖലകളും സെൻ്ററുകളും കേന്ദ്രീകരിച്ച് രൂപീകരിച്ചിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അതത് ആഴ്ച്ചകളിൽ ഞായറാഴ്ച്ച പുലർച്ചെ ക്ലാസുകളുടെ ലിങ്ക് അയക്കുന്നതാണ്. ലോക്കൽ ഹെഡ്മാസ്റ്റർമാർക്ക് ലഭിക്കുന്ന ലിങ്കുകൾ പ്രാദേശിക സൺഡേസ്ക്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഗ്രൂപ്പുകൾ ക്രമീകരിച്ച് അയച്ചു കൊടുക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.