കോട്ടയം: മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദീകൻ നുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം രക്തസാക്ഷിത്വമെന്ന് പെന്താകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് . ആദിവാസികളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും വികസനത്തിനും ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച നിസ്വാർഥ സേവനം ത്തിൻ്റെ ഉടമയായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഗോത്രസമൂഹങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ വൈദികനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയായിരുന്നു. ചികിത്സയും ഭക്ഷണവും ജാമ്യവും നിഷേധിക്കപ്പെട്ട അദ്ദേഹം ജയിലിൽ ക്രൂരമായ പീഡനമാണ് നേരിട്ടത്. വാർദ്ധക്യത്തിൻ്റെ അവശതയിലും രോഗത്തിൻ്റെ അതികാഠിന്യത്തിലുംസ്വാഭാവിക നീതിയും മനുഷ്യത്വവും നിഷേധിച്ചത് നീതികരിക്കാനാവില്ല.ഭരണകൂട ഭീകരതയുടെ ക്രൂരമായ ഇരയാണ് ഫാദർ സ്റ്റാൻ സ്വാമി. അദ്ദേഹത്തിൻ്റ ദാരുണമായ അന്ത്യം അത്യന്തം വേദനാജനകവും അതീവ ദുഃഖമുളവാക്കുന്നതുമാണ്. പുരോഹിതൻ്റെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിൽ നിയമവ്യവസ്ഥ പരാജയപ്പെട്ടത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.പാവങ്ങളുടെ പക്ഷം ചേർന്ന സ്റ്റാൻ ലൂർദ് സ്വാമിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും ക്രൈസ്തവ ജനതയുടെയും ഈശോ സഭാ സമൂഹത്തിൻ്റെയും വേദനയിൽ പങ്കു ചേരുന്നുവെന്നും പിസിഐ കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ പി എ ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, ട്രഷറർ എബ്രഹാം ഉമ്മൻ, മീഡിയ കൺവീനർ പാസ്റ്റർ അനീഷ് ഐപ്പ് എന്നിവർ പങ്കെടുത്തു.