മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ സംസ്കാരം ഇന്നു വൈകിട്ട് നാലിന് ബാന്ദ്ര സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ 20 പേർ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് ഫാ. സ്റ്റാൻ സ്വാമിയുടെ സഹപ്രവർത്തകൻ ഫാ. ഫ്രേസർ മസ്കരീനാസ് അറിയിച്ചു.
മുംബൈയിലെ ജെജെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഫാ. ഫ്രേസറിനായിരിക്കും മൃതദേഹം കൈമാറുക. സംസ്കാര ശുശ്രൂഷ ബാന്ദ്ര സെന്റ് പീറ്റേഴ്സ് ചർച്ചിന്റെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യും.
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കാണ് അന്തരിച്ചത്. വെന്റിലേറ്ററിലായിരിക്കെ അടിയന്തര ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കുന്ന വേളയിലായിരുന്നു അന്ത്യം.