തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയായ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പത്തിലധികം പേർക്കാണ് വൈറസ് ബാധ നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ, സമ്പർക്ക വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൊതുകുകൾ വഴി പടരുന്ന രോഗമാണ് സിക്ക. ഈ വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും. പകൽ കടിക്കുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകാണ് വൈറസ് പരത്തുന്നത്.