ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നലെ (വെള്ളി) മുതൽ പെയ്യുന്ന മഴ, സംസ്ഥാനത്ത് ഇതുവരെ നിലച്ചിട്ടില്ല. നിലവിൽ, ചൊവ്വാഴ്ച വരെ ശക്തമായ മഴയും അതിനോടൊപ്പം കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (ഞായർ) കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 12ന് കണ്ണൂരിൽ ഓറഞ്ച് അലർട്ടും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ടും ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇതിനാൽ തീരത്തു നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.