അർബുദബാധിതനായി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിയോഗം
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 75 വയസായിരുന്നു. അർബുദബാധിതനായി തിരുവല്ലയ്കാടുത്ത് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോൾ എന്നായിരുന്നു ബാല്യത്തിലെ പേര്.
തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞിമങ്ങാട് കൊള്ളന്നൂർ കെ.എ. ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും പുത്രനായി 1946 ഓഗസ്റ്റ് 30ന് ജനനം. പഴഞ്ഞി ഗവണ്മെന്റ് ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസതിന് ശേഷം, തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് ബിരുദവും കോട്ടയം സി.എം.എസ് കോളജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഓർത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കി. 1972 ൽ ശെമ്മാശ പട്ടവും 1973 ൽ കശീശ സ്ഥാനവും സ്വീകരിച്ചു. 1982ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരു സ്വീകരിച്ച് എപ്പിസ്കോപ്പയായി. 2006 ഒക്ടോബർ 12 ന് നിയുക്ത കാതോലിക്കായായി തെരഞ്ഞെടുക്കപ്പെട്ടു. ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ 1ന് പരുമല സെമിനാരിയിൽ കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലീത്തയുമായി നിയമിക്കപ്പെട്ടു.
ഇന്ന് വൈകുന്നേരം 7 മണി വരെ ഭൗതിക ശരീരം പരുമലയിലെ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പള്ളിയിൽ വിടവാങ്ങൽ പ്രാർത്ഥനയ്ക്ക് ശേഷം രാത്രി 8 മണിയോടെ ഭൗതിക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് കൊണ്ടുപോകും. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചൊവ്വാഴ്ച നടത്തും. ചൊവ്വാഴ്ച 3 മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും.
സഭാ കേസിൽ ദീർഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങൾക്ക് അന്ത്യംകുറിച്ച് 2017 ജൂലൈ 3 ന് സുപ്രീം കോടതി നിർണായകമായ അന്തിമ വിധി പ്രസ്താവിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.