ന്യൂഡൽഹി: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി വിധി സ്റ്റേ ചെയ്യാൻ തയാറായില്ല. അതേസമയം, കക്ഷികൾക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ 80: 20 അനുപാതം റദ്ദാക്കിയാണ് ഹൈക്കോടതി ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനാവശ്യപ്പെട്ടത്. ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ അനുപാതം പുനര്‍നിശ്ചയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമീഷന്‍റെ നിർദേശമനുസരിച്ച് നടപ്പാക്കിയതായിരുന്നു ന്യൂനപക്ഷ സ്കോളർഷിപ്പ്. ഇതിന്‍റെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നാക്കി 2015ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടികാട്ടിയാണ് അനുപാതം പുനര്‍നിശ്ചയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.
ക്രിസ്ത്യൻ സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥ പരിശോധിക്കാൻ ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നതുവരെയുള്ള സാവകാശം തേടിയാണ് കേരളം ഹരജി നൽകിയത്.