കാഞ്ഞങ്ങാട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ സണ്ണി എന്ന ജയിംസ് മാത്യു പാസ്റ്റർ ആണെന്ന വാർത്ത വ്യാജമാണെന്ന് പിസിഐ കാസർഗോഡ് ജില്ലാ കമ്മിറ്റി. പ്രാർത്ഥിക്കാൻ എന്ന വ്യാജേന വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്ന കേസിലാണ് ഭീമനടി കാലിക്കടവ് കല്ലാനിക്കാട്ട് സ്വദേശി സണ്ണി എന്ന ജയിംസ് മാത്യുവിനെ കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി 17 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
ചിറ്റാരിക്കൽ പോലീസാണ് കേസെടുത്തത് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ പ്രതിയെ പാസ്റ്റർ എന്ന പേരിലാണ് ദിനപത്രവും ദൃശ്യ – സമൂഹമാധ്യമങ്ങളും പ്രചരിപ്പിച്ചത്. ഈ വ്യാജ പ്രചാരണത്തിനെതിരെ പിസിഐ ജില്ലാ ഘടകവും ശുശ്രൂഷകന്മാരുടെ കൂട്ടായ്മയും പ്രതിഷേധവുമായി രംഗത്തെത്തി. സണ്ണി എന്ന വ്യാജ പാസ്റ്റർ ഏതെങ്കിലും പെന്തകോസ്ത് സഭകളിലെ അംഗമോ അംഗീകൃത പാസ്റ്ററോ മിഷനറിയോ അല്ലെന്നും പിസിഐ വ്യക്തമാക്കി. പെന്തകോസ്ത് സമൂഹത്തിന് അവമതിപ്പും അപമാനവും ഉണ്ടാക്കിയ വ്യാജ പ്രചാരണത്തിൽ പിസിഐ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപെടുത്തി.
പോലീസ് ഉദ്യോഗസ്ഥനായും ഡോക്ടറായും ധ്യാനഗുരുവായും ആൾമാറാട്ടം നടത്തി പൊതുജനങ്ങളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സണ്ണിയ്ക്കെതിരെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. കാഞ്ഞങ്ങാട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ പാസ്റ്റർന്മാരായ ദേവസ്യ വർക്കി, സുനിൽ കുഞ്ഞുമോൻ, ജെയ്മോൻ ലൂക്കോസ്, സന്തോഷ് കെ.പി, അജീഷ് ചാക്കോ, വി സി ജയിംസ്, പ്രിൻസ് ജോസഫ് എന്നിവർ പങ്കെടുത്തു.