കോട്ടയം: കൂടുതൽ ബാറുകൾ തുറക്കുന്നതിനും മദ്യ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള തീരുമാനം റദ്ദാക്കി, മദ്യ നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് നാഷനൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മദ്യ വർജ്ജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും മദ്യം പരമാവധി ലഭ്യമാക്കി, വില്പന കൂട്ടി, അതുവഴി പരമാവധി വരുമാനമുണ്ടാക്കുക എന്നതാണ് മദ്യ നയം.
മദ്യത്തിൻ്റെ വില്പനക്കാരും ഉത്പാദകരും സർക്കാർ തന്നെയാകുന്നത് വിരോധാഭാസമാണ്. കേരളത്തെ ലഹരിയിൽ മുക്കികൊല്ലുന്ന പുതിയ മദ്യ നയത്തിൽ നിന്നും സർക്കാർ പിന്മാറണം. മദ്യാസക്തിയിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്ന നയമാണ് വേണ്ടത് എന്ന് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാന ചെയർമാൻ, ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.
ശ്രീ കെ ഡി അപ്പച്ചൻ, ഫാദർ ജോൺകുട്ടി, ഫാദർ ഗീവർഗീസ് കോടിയാട്ട് , ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ എ ആർ നോബിൾ, ഫാദർ ജോബി കോടിയാട്ട്, അഡ്വ. സജി തമ്പാൻ, അഡ്വ. അലക്സ് തോമസ്, ഫാദർ ബിനു കുരുവിള, ഫാദർ പവിത്രസിംഗ്, ശ്രീ പി എ സജിമോൻ, ശ്രീ ബിജു കെ തമ്പി എന്നിവർ പ്രസംഗിച്ചു.