സംസ്‌ഥാനത്ത് അടുത്ത 6 ദിവസം ശക്തമായ ഇടിയോട് കൂടി മഴ.

തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. ശക്തമായ നീരൊഴുക്കിനെത്തുടര്‍ന്ന് ജില്ലയിലെ 3 ഡാമുകള്‍ തുറന്നു. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളാണ് തുറന്നത്

കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ വൈകിട്ട് മുതലാണ് തിരുവനന്തപുരം ജില്ലയില്‍ മഴ ശക്തമായത്. ഇടിയോടെ കൂടിയ മഴ രാത്രിയും നിര്‍ത്താതെ പെയ്തു. അഗസ്ത്യവനമേഖലയില്‍ ശക്തമായ മഴ പെയ്തതിനാല്‍ ജില്ലയിലെ 3 ഡാമുകള്‍ തുറന്നു.

നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടരയടി വീതം ഉയര്‍ത്തി. ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവും നല്‍കി. അരുവിക്കര ഡാമിന്റെ 2 ഷട്ടറുകള്‍ തുറന്നു. 46.6 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള ഡാമില്‍ 46.58 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. പേപ്പാറ ഡാമിന്റെ ഒരുഷട്ടറും തുറന്നിട്ടുണ്ട്. 108 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് 107.50 മീറ്റര്‍ പിന്നിട്ടതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത്. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

ഒക്ടോബര്‍ പകുതിയോട് കൂടി എത്തേണ്ട തുലാമഴ പതിനഞ്ചുദിവസം വൈകിയാണ് സംസ്ഥാനത്ത് ലഭിച്ചത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഉണ്ടായ ചുഴലിക്കാറ്റുകളും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവും തുലാമഴ വൈകാന്‍ കാരണമായി. അടുത്ത 6 ദിവസം, സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

Comments (0)
Add Comment