കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും അന്തർദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ 2018 ലെ മാധ്യമ പുരസ്കാരം ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി മാത്യുവിന്.
ക്രൈസ്തവ സാഹിത്യ മാധ്യമ രംഗങ്ങളിലും സഭാ പ്രവർത്തനങ്ങളിലും സ്തുത്യർഹമായ സമഗ്ര സംഭാവനകളെ മാനിച്ച് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഓരോ വർഷവും നല്കുന്ന വിശിഷ്ട മാധ്യമ പുരസ്കാരമാണിത്.
നവം.27 ന് തിരുവല്ലയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ
രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ, ആക്ടിംഗ് പ്രസിഡണ്ട് പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ അവാർഡ് പ്രഖ്യാപിച്ചു.
ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് അവാർഡ് ജേതാവിന്റെ സംഭാവനകൾ വിവരിച്ചു.
മാധ്യമ പ്രവർത്തകരായ ട്രഷറാർ ഫിന്നി പി മാത്യു ,ജനറൽ കോർഡിനേറ്റർ ടോണി ഡി ചെവൂക്കാരൻ, പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സി.പി.മോനായി, കെ.ബി ഐസക് എന്നിവർ സന്നിഹിതരായിരുന്നു.
ക്രൈസ്തവ മാധ്യമ ലോകത്ത് ഏറെ സുപരിചിതനാണ് അവാർഡ് ജേതാവായ
ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യു.
മലയാളി പെന്തെക്കോസ്തു സമൂഹത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ വിവിധ മേഖലകളിലും നിർണ്ണായക പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
ഐ.പി.സി സിൽവൽ ജൂബിലി സുവനീർ, യുവജന കാഹളം തുടങ്ങിയ പ്രസിദ്ധീകരങ്ങളുടെ എഡിറ്റർ, പി. വൈ.പി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, സഭാ കൗൺസിൽ അംഗം എന്നിങ്ങനെ വിവിധ പദവികളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പെന്തെക്കോസ്ത് പത്രപ്രവർത്തന രംഗത്ത് നിറസാന്നിദ്ധ്യമായി നിലകൊള്ളുന്ന സി.വി.മാത്യു ജേർണലിസം രംഗത്തു പ്രവർത്തിക്കുന്ന പെന്തെക്കോസ്തരായ എല്ലാവരുടെയും ജ്യേഷ്ഠ സഹോദരനാണ്.
സെക്കുലർ പത്രങ്ങളിൽ പ്രവർത്തിക്കുന്നവരും അദ്ദേഹത്തിന്റെ സുഹൃത് വലയത്തിലുണ്ട്.
പരിമിതമായ വാക്കുകൾ കൊണ്ട് എഴുത്തിൽ
നൂതന ശൈലി സൃഷ്ടിച്ചെടുക്കുന്ന സി.വി.യുടെ ലേഖനങ്ങളും കുറിപ്പുകളും ചിന്താവിഷയങ്ങളും ശ്രദ്ധേയമാണ്.
തന്റെ പ്രവർത്തന മികവിലൂടെ
പെന്തെക്കോസ്തിലെ ഒട്ടേറെ എഴുത്തുകാരെയും പത്രാധിപന്മാരെയും സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
കാലാകാലങ്ങളിൽ സഭയിൽ കടന്നു കൂടിയ ജീർണതകൾക്കെതിരെ തന്റെ ശക്തമായ എഡിറ്റോറിയലുകളിലൂടെ ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നു. അനാത്മീകതയേയും ദുരാചാരങ്ങളെയും നഖശിഖാന്തം എതിർക്കുകയും സഭാ നേതാക്കന്മാരെ ശരിയായ ദിശയിലേക്ക് നയിക്കാൻ തന്റെ എഴുത്തുകൾ ഉതകിയിട്ടുണ്ട്.
കേരള പെന്തെക്കോസ്തു സഭകളുടെ ഐക്യതയ്ക്കും ഗുഡ് ന്യൂസ് ബാലലോകത്തിലൂടെയുള്ള സുവിശേഷ പ്രവർത്തനങ്ങൾക്കും തന്റെ മികച്ച സംഭാവനകൾ ചരിത്രത്തിലിടം തേടിയിട്ടുണ്ട്.
‘വിശുദ്ധ നാട്ടിലേക്കൊരു യാത്ര’ എന്ന തന്റെ പുസ്തകം സഞ്ചാര സാഹിത്യത്തിലെ മികച്ച കൃതികളിലൊന്നാണ്..
ക്രൈസ്തവ സാഹിത്യ അക്കാദമി,
സർഗ്ഗ സമിതി, ലോഗോസ് ബൈബിൾ കോളേജ്, കുവൈറ്റ് ക്രിസ്ത്യൻ റൈറ്റേഴ്സ് അസോസിയേഷൻ, ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യൻ ചർച്ചസ് തുടങ്ങിയ സമിതികളുടെ പുരസ്കാരങ്ങൾക്കുടമയാണദ്ദേഹം.
സൗമ്യവും ലളിതവുമായ ജീവിത ശൈലിക്ക് ഉടമയായ സി.വി.മാത്യു തൃശൂർ ആല്പാറ ഐ.പി.സി സഭാംഗം ആണ്.
ഭാര്യ അമ്മിണി മാത്യു.
മക്കൾ: ആശിഷ്, ഉഷസ്
മരുമക്കൾ: നിമ്മി, ബിജോയ്
കൊച്ചു മക്കൾ: കാലേബ്, ലിവാന, എയ്ഡൻ