തിരുവനന്തപുരം : വിവിധ തൊഴിലാളി സംഘടനകള്‍ രാജ്യത്ത് നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുതെന്ന ഡിജിപി ലോക്നാഥ് ബഹ്റ. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്കി. സ്കൂളുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കണം. അക്രമണം ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നത്തെ പണിമുടക്കില്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.ഹര്‍ത്താലില്‍ നടക്കുന്ന അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. ഇതു ജനങ്ങളുടെ മൗലിക അവകാശത്തെയാണു ബാധിക്കുന്നത്. അക്രമങ്ങള്‍ തടയാന്‍ സമഗ്രമായ പദ്ധതി വേണം. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നു കരുതി മറ്റുള്ളവരെ അതില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കരുത്. ഹര്‍ത്താല്‍ വെറും തമാശ പോലെയായി മാറുകയാണ്. ഹര്‍ത്താലുകള്‍ മൂലം ഓഫിസുകളുടെയും സ്കൂളുകളുടെയും പ്രവൃ ത്തി ദിനങ്ങള്‍ കുറയുകയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഏഴിന് രാത്രി 12 മുതല്‍ ഒമ്പതിന് രാത്രി 12 വരെയാണ് ജനകീയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പണിമുടക്ക്. ഹര്‍ത്താലും ബന്ദുമല്ല നടത്തുന്നതെന്നും സമ്മര്‍ദ്ദമുണ്ടാക്കി കടകള്‍ അടപ്പിക്കില്ലെന്നും ജോലിക്കെത്തുന്നവരെ തടയില്ലെന്നും സംയുക്തസമരസമിതി നേതാക്കള്‍ അറിയിച്ചു. പാല്, ആശുപത്രി, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.