കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തം മൂലം കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷം. നഗരപ്രദേശങ്ങളിൽ മിക്കയിടത്തും പുകശല്യം രൂക്ഷമാണ്. രൂക്ഷമായ പുകശല്യത്തെ തുടർന്ന് ജനങ്ങൾക്ക് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
പനമ്പിള്ളി നഗർ, വൈറ്റില, മരട് എന്നിവടങ്ങളിലെ ജനങ്ങൾക്കാണ് പുകശല്യം മൂലം ശ്വാസതടസ്സം നേരിടുന്നത്. രാവിലെ നടക്കാനിറങ്ങിയവർക്കാണ് അസ്വസ്ഥത ആദ്യം അനുഭവപ്പെട്ടത്.
പ്ലാസ്റ്റിക് മാലിന്യക്കൂന പൂർണ്ണമായും കത്തിയത് വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണത്തിനിടയാക്കിയിട്ടുണ്ട്.
തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുവെന്ന് മേയർ പറഞ്ഞു.
വൈകിട്ട് നാലു മണിയോടെയാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപ്പിടിത്തം ഉണ്ടായത്. ഇവിടെ ജനുവരിയിൽ രണ്ടു തവണ തീപ്പിടിത്തമുണ്ടായിരുന്നു.