തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ ഫാനി ചുഴലിക്കാറ്റായി രൂപപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ അതി തീവ്രചുഴലിക്കാറ്റായി ഫാനി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ തിങ്കളാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ചൊവ്വാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഞായറാഴ്ച രാവിലെ മുതൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും തിങ്കളാഴ്ച 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റുവീശാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കടൽ അത്യന്തം പ്രക്ഷുബ്ധമായിരിക്കും. തീരപ്രദേശത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.
കേരളത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മത്സ്യബന്ധനത്തിനായി പോയിട്ടുള്ളവർ ഉടൻ മടങ്ങിയെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കർശന മുന്നറിയിപ്പു നൽകി.