മൂന്ന് മാസം അകലെ 97-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു സാറ.
കൊച്ചി: കേരളത്തില്‍ അവശേഷിക്കുന്ന ജൂതരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സാറ കോഹന് അന്തരിച്ചു. 96 വയസായിരുന്നു. ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുന്‍പ് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു. തിരിച്ച് വീട്ടിലെത്തിയതിന് ശേഷമായിരുന്നു മരണം. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മട്ടാഞ്ചേരി ജ്യൂ ടൗണിലുള്ള ജൂത സെമിത്തേരിയില്‍.
ഇന്ത്യയിലെ ഏറ്റവും പുരാതനമായ കൊച്ചിയിലെ മലബാര്‍ ജൂത സമൂഹത്തിന്റെ ഭാഗമായിരുന്നു സാറ. 1948 ല്‍ ഇസ്രായേല്‍ രാജ്യം രൂപീകരിച്ചപ്പോള്‍ 2500 ജൂതര്‍ കൊച്ചിവിട്ടു. എന്നാല്‍ സാറ കേരളത്തില്‍ തുടരുകയായിരുന്നു. കേരളത്തിലവശേഷിക്കുന്ന അഞ്ച് ജൂതരിലൊരാളായിരുന്നു സാറ.
മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലുള്ള സിനഗോഗ് കാണാനായി നിത്യേന എത്തുന്ന സഞ്ചാരികളുടെ നിത്യ സന്ദർശന ഇടമായിരുന്നു സാറയുടെ കടയും ഓർമ്മകളുണറങ്ങുന്ന അവരുടെ വീടുമെല്ലാം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജൂത മുത്തശ്ശി വോട്ട് ചെയ്യാനായി എത്തിയിരുന്നു. അന്നായിരുന്നു സാറ അവസാനമായി പുറത്തിറങ്ങിയത്. ഗുജറാത്തികൾ, ജൈനമത വിശ്വാസികൾ, കൊങ്കണികൾ, ജൂത മതസ്ഥർ, ഇസ്ലാം മത വിശ്വാസികൾ, തമിഴ് ബ്രാഹ്മണർ എന്നിങ്ങനെ മുപ്പതോളം സമുദായങ്ങളിൽപ്പെട്ടവർക്ക് വോട്ടവകാശമുളള മട്ടാഞ്ചേരി ഇക്ബാൽ ലൈബ്രറി റോഡിലുളള ആസിയ ഭായ് ഹയർ സെക്കൻഡറി സ്കൂളിലാണ് സാറ തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്
ഇന്‍കം ടാക്സ് ഓഫീസറായിരുന്ന ജേക്കബ് കോഹനായിരുന്നു സാറയുടെ ഭര്‍ത്താവ്. ജേക്കബിന്റെ റിട്ടയര്‍മെന്റോടെ കിപ്പ (പ്രത്യേക തൊപ്പി)കളും, എംബ്രോയ്ഡറി ചെയ്തിട്ടുള്ള തുവ്വാലകളും വില്‍ക്കുന്ന സാറാ എംബ്രോയ്ഡറി എന്ന കട തുടങ്ങി. സാറയെ പോലെ തന്നെ സാറ എംബ്രോയ്ഡറി ഷോപ്പും ഏറെ പ്രസിദ്ധമാണ്. 1999ല്‍ ജേക്കബ് കോഹന് സാറയെ വിട്ടുപിരിഞ്ഞു.