ദുബായ് : നിപ വൈറസ് ബാധയില്‍ കുടുങ്ങിക്കിടക്കുകയാണ് പ്രവാസി മലയാളികളുടെ യാത്ര. റംസാനും, പെരുന്നാളും, സ്‌കൂള്‍ വേനലവധിയും കണക്കിലെടുത്ത് നാട്ടിലേയ്ക്ക് പോകാന്‍ മാസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റെടുത്തവരില്‍ ഏറെയും നിപ വൈറസ് ഭീതിയെ തുടര്‍ന്ന് ടിക്കറ്റ് റദ്ദാക്കുകയാണ്.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് മടക്കയാത്രയ്ക്ക് തിടുക്കം കൂട്ടുന്നത്. എന്നാല്‍, ഇത്തരക്കാരുടെ യാത്രയ്ക്ക് നിപ വൈറസ് വിലങ്ങുതടിയാകുകയാണ്. വൈറസ് പെരുകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ യു.എ.ഇലേയ്ക്കുള്ള പ്രവേശനം തടയുമോ എന്നും ആശങ്കയുണ്ട്. നിപ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉടനെയൊന്നും മടക്കയാത്ര സാധ്യമാകാതെ വന്നാല്‍ ജോലി നഷ്ടപ്പെടുമോ എന്നും പലരും ആശങ്കപ്പെടുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ മാസം 12 വരെ അതീവ ജാഗ്രത വേണമെന്ന മുന്നറിയിപ്പ് വന്നതോടെയാണ് പ്രവാസികളില്‍ പലരും നാട്ടിലേയ്ക്കുള്ള യാത്ര മാറ്റിവെച്ചിരിക്കുന്നത്. ഈ യാത്ര റദ്ദാക്കല്‍ കനത്ത സാമ്പത്തിക നഷ്ടമാണ് പലര്‍ക്കും ഉണ്ടാക്കിയിരിക്കുന്നത്.