തിരുവനന്തപുരം: മതവും രാഷ്ട്രിയവും കൂട്ടിക്കുഴക്കുന്നത് ആധുനിക ഇന്ത്യയെ അപകടത്തിലേക്ക് നയിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.
ദേശീയ ന്യൂനപക്ഷദിനത്തോടനുബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിൽ സംഭവിക്കാത്ത കാര്യമാണിത്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന ഇത്തരത്തിലുള്ള നടപടികൾ തികഞ്ഞ അവജ്ഞയോടെ ജനം തള്ളിക്കളയേണ്ടതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കമ്മിഷൻ ചെയർമാൻ പി.കെ.ഹനീഫ, അംഗങ്ങളായ ബിന്ദു എം. തോമസ്, മുഹമ്മദ് ഫൈസൽ, ഡോ.എ.ബി.മൊയ്തീൻകുട്ടി, സി.എസ്.ശരത്ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് എൻ.എം.രാജു പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ പ്രസിഡണ്ട് അജി കല്ലിങ്കൽ, വൈസ് പ്രസിഡണ്ട് ജി.എസ്.ജയശങ്കർ തുടങ്ങിയവർ മുഖ്യ അതിഥികളായിരുന്നു.പിസിഐ -പിവൈസി- പിഡബ്ല്യുസി പ്രസ്ഥാനങ്ങളിൽ നിന്നും 250 തിലധികം അംഗങ്ങൾ പങ്കെടുത്തു.ഉത്തരവാദിത്തമുള്ള ഏക പെന്തക്കോസ്ത് ഐക്യ പ്രസ്ഥാനം എന്ന നിലയിൽ പിസിഐയുടെ പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്നും കമ്മീഷന്റെ പൂർണ്ണമായ പിന്തുണ പിസിഐ പ്രവർത്തനങ്ങൾക്കുണ്ടാകുമെന്നും ചെയർമാൻ പി.കെ.ഹനിഫ അറിയിച്ചു.