തിരുവനന്തപുരം : കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ സർവകലാശാലയിൽനിന്നെത്തിയ വിദ്യാര്‍ഥിനിക്കാണു രോഗം. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. രോഗിയെ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തെ വിവരം അറിയിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
കേരളത്തിൽ ഒരു വിദ്യാർത്ഥിനിക്ക് കൊറോണ വൈറസ് രോഗം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ സ്ഥിരീകരിച്ചു. രോഗം കണ്ടെത്തുന്നതിനു മുൻപ് തന്നെ ഇന്ത്യ എല്ലാ പ്രതിരോധ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. രോഗിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
കേരളത്തിൽ 806 പേർ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇതിൽ 10 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 796 പേർ അവരുടെ വീടുകളിൽ കഴിയുന്നു. 16 പേരുടെ സാംപിളുകൾ പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. അതിൽ 10 പേർക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിരുന്നു.
കൊറോണയ്ക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ജനങ്ങൾ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണെന്നും ആരാഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നിരുന്നു. ഹുബേയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. യുഎഇയിലും ഫിൻലൻഡിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗം പടർന്ന രാജ്യങ്ങളുടെ എണ്ണം 18 ആയി. വുഹാനിൽനിന്ന് അബുദാബിയിലെത്തിയ ചൈനീസ് കുടുംബത്തിലെ 4 പേർക്കാണ് യുഎഇയിൽ രോഗം.