പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേസ്കൂൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ത്രിദിന ക്യാമ്പ് ക്രമീകരിക്കുന്നു. “സെലിബ്രേഷൻ 2020” എന്ന പേരിൽ നടക്കുന്ന സമ്മേളനം ഏപ്രിൽ 13, 14, 15 തീയതികളിൽ മാവേലിക്കര ഐ. ഇ. എം. ക്യാംപസിൽ വെച്ചു നടത്തുവാൻ വിപുലമായ ക്രമീകരണങ്ങൾ നടക്കുന്നു.
ക്യാമ്പിന്റെ ആദ്യ ദിനമായ 13 നു രാവിലേ 10 മണിക്ക് ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പ് സമ്മേളനം ഉൽഘാടനം ചെയ്യും. സണ്ഡേസ്കൂൾ ഡയറക്ടർ സുനിൽ. പി. വർഗീസ് (മാവേലിക്കര) അധ്യക്ഷത വഹിക്കും. രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. അറുനൂറിൽ കുറയാത്ത അധ്യാപക- വിദ്യാർത്ഥികളുടെ സംഘമം ആണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
വിദഗ്ദരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു. ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി രണ്ട് പേർ അടങ്ങുന്ന അനേക ഗ്രൂപ്പ് ചർച്ചകൾ, ഗാന പരിശീലനം, അഭിഷേക ആരാധനകൾ, കൗൺസിലിംഗ് സെക്ഷൻ, കായികവിനോദങ്ങൾ, മാജിക്ക്- പപ്പറ്റ് തിയറ്റർ, താലന്ത് നൈറ്റ്, പരിശുദാത്മഭിഷേകത്തിനുള്ള കാത്തിരുപ്പ് യോഗം, സ്വാഭാവികവൈദഗ്ധ്യ വർധന പരിപാടികൾ എന്നിവക്കൊപ്പം 14 നു പകൽ അധ്യാപകർക്കായുള്ള പ്രത്യേക പരിശീലന ക്ലാസും ക്രമീകരിച്ചിരിക്കുന്നു. പ്രശസ്ത ക്രിസ്തീയ ഗായകരായ ഡോ. ബ്ലസൻ മേമന, ഇമ്മാനുവേൽ ഹെൻട്രി എന്നിവർ സംഗീത ആരാധനയ്ക്ക് മേൽനോട്ടം വഹിക്കും. ഡിസ്ട്രിക്ട് സണ്ഡേസ്കൂൾ ഭാരവാഹികൾ ആയ സുനിൽ . പി. വർഗീസ് (ഡയറക്ടർ), ബാബു ജോയി (സെക്രട്ടറി), ബിജു ഡാനിയൽ (ട്രഷറർ) ക്യാമ്പിന് മേൽനോട്ടം വഹിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 വരെ പൊതുസമ്മേളനം നടക്കും. ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗങ്ങളെ കൂടാതെ സുപ്രസിദ്ധ പ്രാസംഗികർ സായാഗ്ന്സമ്മേളനത്തിൽ സംസാരിക്കും.