ദൈവം എന്ന പദം ഇല്ലാത്ത ഭാഷയിൽ ദൈവം സംസാരിക്കുന്നു.

മുദലി ഗദബ ഭാഷയിൽ പുതിയ നിയമം പ്രസിദ്ധികരിച്ചു.

ടോണി ഡി ചെവ്വൂക്കാരൻ

വിശാഖപട്ടണം: ബൈബിൾ പരിഭാഷാരംഗത്ത് പ്രവർത്തിച്ചു വരുന്ന വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പരിഭാഷ പൂർത്തികരിച്ച പുതിയ നിയമത്തിൻറെ സമർപ്പണശുശ്രൂഷ ജനുവരി 17 ന് നടന്നു.

നീണ്ട 18 വർഷത്തെ പ്രാർത്ഥനയുടെയും സമർപ്പണത്തിൻറെയും കഠിന പ്രയത്നത്തിൻറെയും ഫലമായാണ് ഈ ദൌത്യം പൂർത്തികരിക്കാൻ വിക്ലിഫ് ഇന്ത്യയുടെ പ്രവർത്തകർക്ക് ഇടയായത്. ആന്ധ്രയിലെ 27 ഗ്രാമങ്ങളിലായി എഴുപതിനായിരം (70,000) മുദലി ഗദബ ഗോത്ര വംശജർ ഉണ്ടെന്നാണ് കണക്ക്. അവരുടെ സ്വന്ത ഭാഷയിൽ ആദ്യമായി അച്ചടിച്ച പുസ്തകമാണ് സങ്കീർത്തനങ്ങൾ അടങ്ങിയ ഈ പുതിയനിയമം. വിജയനഗരം ജില്ലയിലെ നന്ദേഡുവലസ ഗ്രാമത്തിൽ നടന്ന സമർപ്പണചടങ്ങ് ഗ്രാമത്തിൽ ആത്മമാരി പെയ്തിറങ്ങിയ അനുഭവമായി മാറി. 600 ൽ പരം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ഗദബ, കൊണ്ടദൊര, കൊത്തു, തെലുങ്ക് എന്നീ ഭാഷകളിലുള്ള ഗാനങ്ങൾ സഭയിലെ യുവജനങ്ങൾ വാദ്യമേളങ്ങളോടെ ആലപിച്ചു. കെ.വൈ. ജോയി കഴിഞ്ഞ 18 വർഷങ്ങളിലെ  മുദലി ഗദബ സമൂഹത്തിലെ തങ്ങളുടെ ജീവിതത്തെക്കുറിച്ചും ശുശ്രൂഷകളെക്കുറിച്ചും പ്രസ്താവിക്കുകയും ദൈവീകവിശ്വസ്തയെ അനുസ്മരിക്കുകയും ചെയ്തു.

വിക്ലിഫ് ഇന്ത്യാ ചെയർമാൻ ഇവാ. തിമൊത്തി ദാനിയേൽ, ഗദബഭാഷക്കാരായ പാസ്ററർ കണ്ണറാവു, പാസ്ററർ വെങ്കിടറാവു എന്നിവർക്ക് പുതിയനിയമം നൽകികൊണ്ട് സമർപ്പണം നിർവഹിച്ചു. റവ. സാമൂവേൽ കണ്ണ മുഖ്യസന്ദേശം നൽകി. വിക്ലിഫ് ഇന്ത്യാ സി.ഇ.ഒ. ഇവാ. സാം കൊണ്ടാഴി പ്രവർത്തനങ്ങൾ വിശദീകരിച്ച് സംസാരിച്ചു. ഡോ. ജേക്കബ് ജോർജ്, ഡോ. വിനോദ് ശാമൂവേൽ, പാസ്റ്റർ ഫെയ്ത്ത് അടിമത്ര, പാസ്റ്റർ ജെയ്ക്കബ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. റവ. രാജേന്ദ്രൻ സാമൂവേൽ ബൈബിൾ പരിഭാഷടീമിനെ ആദരിച്ചു. ബൈബിൾ പരിഭാഷകൻ കെ.വൈ. ജോയി ശൂശ്രൂഷകൾക്ക് നേതൃത്വം നൽകി. വിക്ലിഫ് ഇന്ത്യാ ബോർഡ് അംഗങ്ങളും നിരവധി പ്രാദേശിക പ്രവർത്തകരും പങ്കെടുത്തു.

ദൈവം എന്ന പദം പോലും ഇല്ലാത്ത ഭാഷയായ ഗദബയിൽ ദൈവവചനത്തിൻറെ സ്വാധീനം നിമിത്തം 4 സഭകൾ രൂപപ്പെട്ടു. നിരവധി ക്രൈസ്തവഗാനങ്ങൾ ഗദബഭാഷയിൽ രചിക്കുകയും ദൈവവചനം ഓഡിയോ വഴി അവരെ കേൾപ്പിക്കുകയും ചെയ്തു. അതിലൂടെ വലിയ ആത്മീയചലനം സൃഷ്ടിക്കുവാൻ പരിഭാഷാടീമിന് കഴിഞ്ഞു.

കോട്ടയം അയർക്കുന്നം സ്വദേശിയായ കെ. വൈ. ജോയിയും ഭാര്യാ ജെസ്സിയും ദൈവീക വിളി ഏറ്റെടുത്ത് 2002 ൽ മുദലിഗദബഗോത്രവർഗ്ഗക്കാരുടെ അടുത്തെത്തി അവരോടൊപ്പം താമസിച്ച് അവരുടെ ഭാഷ പഠിച്ചു. ഇവരുടെ ഏകമകൻ എബിന് അന്ന് ഒന്നരവയസ്സ്മാത്രം പ്രായം. ഒരുപാട് കഷ്ടങ്ങളും ദുരിതങ്ങളും അനുഭവിച്ചാണ് നീണ്ട 18 വർഷം ഇവർ ബൈബിൾ പരിഭാഷയ്ക്കായി പ്രവർത്തിച്ചത്. ഇതിനിടയിൽ പലപ്രാവശ്യം സെലിബ്രൽ മലേറിയ ഇവർക്ക് പിടിപ്പെട്ടു. ഈ സ്ഥലം വിട്ടുപോകുന്നതാണ് നല്ലെതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചപ്പോഴും ദൈവം ഏല്പിച്ച ദൌത്യം പൂർത്തികരിക്കേണം എന്ന അഭിവാഞ്ചയോടെ അവർ മുന്നോട്ടു കുതിച്ചു. എംകോം ബിരുദം പൂർത്തികരിച്ച ജോയി എംഡിവ് ബിരുദധാരിയാണ്. ഗദബഭാഷയിൽ പഴയനിയമം എത്രയുംവേഗം പരിഭാഷചെയ്യണമെന്ന ആഗ്രഹം ഈ കുടുംബത്തിനുണ്ട്. 


Comments (0)
Add Comment