ന്യൂയോർക്ക്: അമേരിക്കൻ ബഹിരാകാശപദ്ധതികളുടെ അവിഭാജ്യ ഘടകമായിരുന്ന നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറീൻ ജോൺസൺ അന്തരിച്ചു. 101 വയസ്സായിരുന്നു. മരണവാർത്ത നാസ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വംശീയവും സാമൂഹികവുമായ പ്രതിബന്ധങ്ങൾ തകർക്കുന്നതായിരുന്നു കാതറീന്റെ മികവിന്റെ പാരമ്പര്യമെന്ന് നാസ ട്വീറ്റ് ചെയ്തു.
1918 ഓഗസ്റ്റ് 26ന് വെസ്റ്റ് വെർജീനിയയിൽ ജനിച്ച കാതറീൻ ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം അധ്യാപികയായാണ് കരിയർ ആരംഭിച്ചത്. 1953 ൽ നാകയുടെ (നാഷനൽ അഡ്വൈസറി കമ്മിറ്റി എയ്റോനോട്ടിക്സ്) ലാങ്ലി ലാബിൽ എത്തിയതാണ് കാതറീന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. ഇവിടെ കീഴില്‍ മനുഷ്യ കംപ്യൂട്ടറായി കാതറിൻ പ്രവർത്തിച്ചു.
1961ല്‍ ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ അമേരിക്കക്കാരൻ അലന് ഷെപ്പേര്‍ഡിന്റെ ടാജെക്റ്ററി നിര്‍ണയിക്കുന്നതില്‍ കാതറീന് ജോണ്സണ് പ്രധാന പങ്കുവഹിച്ചു. 1962ൽ ജോൺ ഗ്ലെൻ ഫ്രണ്ട്ഷിപ് നടത്തിയ ചരിത്ര ദൗത്യത്തിന്റെ വിജയത്തിനു പിന്നിലും കാതറിന്റെ ഗണിത പാടവം സഹായമായി. 1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാലൂന്നിയ ചരിത്ര നേട്ടത്തിന് പിന്നിലും കാതറിന്റെ ഗണിത ബുദ്ധിയുണ്ട്.
1986ല്‍ നാസയിൽ നിന്ന് വിരമിച്ച കാതറീനെ തേടി 2015ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം എത്തി. കാതറിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഹിഡൻ ഫിഗേഴ്സ് എന്ന ചിത്രം ഓസ്കർ നോമിനേഷൻ പട്ടികയിൽ ഇടം നേടിയിരുന്നു.