തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 30 വ്യാഴം മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കി ഉത്തരവായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയിൽ പെറ്റികേസ് ചാർജ്ജ് ചെയ്യമെന്ന് അദ്ദേഹം അറിയിച്ചു. നിർദ്ദേശം ലംഘിച്ചാൽ 200 രൂപയാണ് പിഴ. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും പകർച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തലാണ് സംസ്ഥാനത്ത് നാളെ മുതൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നത്. വീടുകളിൽ നിർമ്മിച്ച തുണികൊണ്ടുളള മാസ്ക്, തോർത്ത്, കർച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്.