സംസ്ഥാനത്ത് നിലവിൽ ആരാധനാലയങ്ങൾ തുറക്കാനാകില്ല : ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് നിലവിൽ ആരാധനാലയങ്ങൾ തുറക്കാനാകില്ലെന്ന് ഹൈക്കോടതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആരാധനാലയങ്ങളും അടച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര നിർദേശം പാലിക്കണം. ആരാധനാലയങ്ങൾ തുറക്കേണ്ടതാണെന്ന് കോടതിക്കും അഭിപ്രായമുണ്ടെന്നും എന്നാൽ പൊതു നന്മ ഉദ്ദേശിച്ച് തത്ക്കാലം പാടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ആരാധനാലയങ്ങൾക്ക് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രവും ഹൈക്കോടതിയിൽ നിലപാടറിയിച്ചു. ആരാധനാലയങ്ങൾ തുറക്കണമെന്ന ഹർജിയിലാണ് കോടതി ഇടപെടൽ.

ലോക്ക്ഡൗൺ മൂന്നാം ഘട്ടം അഞ്ചാം ദിവസമാണ് ഇന്ന്. മാർച്ച് 25ന് പ്രഖ്യാപിച്ച ആദ്യ ഘട്ട ലോക്ക്ഡൗൺ മുതൽ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും അടച്ചിടണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ആളുകൾ കൂടുന്നത് ഒഴിവാക്കി രോഗവ്യാപനം തടയുക എന്നത് ലക്ഷ്യംവച്ചായിരുന്നു നടപടി. ലോക്ക്ഡൗൺ ലംഘിച്ച് ഒത്തുചേർന്ന് പ്രാർത്ഥന നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Comments (0)
Add Comment