തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1087 ആയി വർധിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. അതേസമയം, ഇന്ന് 3 പേർ രോഗമുക്തി നേടിയതായും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രസ്താവിച്ചു. കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേർ വിദേശത്തുനിന്നു വന്നവർ. 48 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. തെലങ്കാന സ്വദേശിയാണ് മരിച്ചത്.
526 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 115297 പേർ നിരീക്ഷണത്തിലുണ്ട്. 114305 പേർ വീടുകളിലും 992 പേർ ആളുപത്രികളിലുമാണ്. 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.