എടത്വാ : റോഡിമോൻ്റെയും മരിയയുടെയും മക്കൾക്കും ടെലിവിഷൻ ലഭിച്ചു.എടത്വാ സെൻ്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി ഉൾപ്പെടെ 6 മക്കളുടെ മാതാപിതാക്കൾ ആണ് റോഡിമോനും മരിയയും.
മൂകയും ബധിരയും ആയ മരിയയാണ് റോഡിമോൻ്റെ ഭാര്യ.പെട്ടെന്നൊരു പിണക്കത്തിൻ്റെ പേരിൽ 22 വർഷം മുമ്പ് വീട് വിട്ടിറിങ്ങിയ മരിയ കട്ടപ്പനയിലുള്ള ഒരു ശിശുഭവനിൽ എത്തിപെടുകയായിരുന്നു.മുംബൈ അന്ധേരി സ്വദേശിനിയായ മരിയ അവിടെ കഴിയുമ്പോൾ ആണ് റോഡിമോൻ മരിയയെ കണ്ടുമുട്ടിയത്.ഒടുവിൽ പ്രണയമാകുകയും ബധിരയും മൂകയും ആയ മരിയയ്ക്ക് ഒരു ജീവിതം നല്കുവാൻ റോഡിമോൻ തീരുമാനിക്കുകയായിരുന്നു.കുമളി സ്വദേശിയായ റോഡിമോൻ 15 വർഷത്തോളമായി എടത്വാ വാടക വീട്ടിൽ മരിയയോടും 6 മക്കളോടൊപ്പം താമസിക്കുന്നു.
ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടു കൂടി വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിൻ്റെ പേരിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എൻ.ജെ. സജീവ് ജീവകാരുണ്യ പ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുളയുമായി പങ്കുവെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കുട്ടനാട് നേച്ചർ ഫോറം പ്രസിഡൻ്റ് ബിൽബി മാത്യം കണ്ടത്തിൽ ,
സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എൻ.ജെ. സജീവ്, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ വീട്ടിലെത്തി ടെലിവിഷൻ സമ്മാനിച്ചു. മാസ്കും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തന മനസ്ഥിതിയുള്ളവരുടെ സഹായത്തോട് റോഡിമോനും കുടുംബത്തിനും ഒരു വർഷത്തിനുള്ളിൽ തല ചായ്ക്കാൻ സ്വന്തമായി ഒരു ഇടം ഒരുക്കി കൊടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും ‘നൻമയുടെ സ്നേഹക്കൂട് വാട്ട്സ്ആപ്പ് കൂട്ടായ്മ അഡ്മിൻ മാരായ ഡോ.ജോൺസൺ വി. ഇടിക്കുള ,ബിൽബി മാത്യം കണ്ടത്തിൽ എന്നിവർ പറഞ്ഞു.
ചില മാസങ്ങൾക്ക് മുമ്പ് മരിയയുടെ വീട് തേടി മുബൈയിലേക്ക് മരിയയും റോഡിമോനും നടത്തിയ യാത്ര സമൂഹമാധ്യമങ്ങളിൽ തരംഗം ആയിരുന്നു. ഇടയ്ക്കിടെ സ്വന്തം നാടിൻ്റെ അടയാളങ്ങൾ മരിയ വരച്ചു കാട്ടിയിരുന്നെങ്കിലും ഏത് സംസ്ഥാനമെന്ന് പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.റോഡിമോൻ്റെ ഫോണിൽ ഒരു ഹിന്ദി സിനിമയിലെ ഗാനരംഗം കണ്ട് മരിയ ഒരു പാർക്ക് തിരിച്ചറിഞ്ഞതോടെയാണ് ജന്മനാട്ടിലേക്കൊരു അടയാളത്തിൻ്റെ വഴി തുറന്നത്. സിനിമയുടെ സംവിധായകനെ കണ്ട് അന്വേഷിച്ചാണ് മുബൈയിലെ പാർക്ക് എന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ മരിയ വരച്ചുകാട്ടിയ ചേരിപ്രദേശത്തുള്ള വീട് ഒടുവിൽ കണ്ടെത്തുകയായിരുന്നു; മരിയയെ സ്വീകരിക്കാൻ ആ വീട്ടിൽ ആരും ഇല്ലായിരുന്നു.
തങ്ങളുടെ ഓൺ ലൈൻ ക്ലാസുകൾ ഇനിയും ടെലിവിഷനിലൂടെ കാണാമെന്നുള്ള സന്തോഷത്തിലാണ് പഠനത്തിൽ സമർത്ഥരായ കുട്ടികൾ