സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഇന്ന് രാവിലെയോടെ മരിച്ചത്. പടിയൂർ സ്വദേശി സുനിൽകുമാറാണ് (28) പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21 ആയി.
മൂന്നു ദിവസം മുൻപാണ് സുനിൽകുമാറിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ന്യൂമോണിയ ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടായി. ഇന്നലെ വൈകിട്ട് മുതൽ സുനിൽകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
മട്ടന്നൂർ എക്സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനിൽകുമാർ. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മട്ടന്നൂർ എക്സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാർ ക്വാറന്റീനിൽ പോകുയും ചെയ്തിരുന്നു. സുനിൽകുമാറിന് നേരത്തെ രോഗങ്ങൾ ഉണ്ടായിരുന്നതായി സൂചനയില്ല.
സുനിൽകുമാറിന് എവിടെവെച്ചാണ് കോവിഡ് ബാധയുണ്ടായത് എന്ന കാര്യം വ്യക്തമല്ല. കർണാടക മേഖലയിൽനിന്ന് ലഹരിവസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ആശുപത്രിയിൽ വെച്ചോ പ്രതിയിൽനിന്നോ ആവാം രോഗബാധയുണ്ടായത് എന്ന നിഗമനത്തിൽ അന്വേഷണം നടക്കുകയാണ്.