അടൂർ : ഇത് ഫ്ലെമിൻ.കെ. സോണി, വയസ്സ് വെറും 18. കണ്ടുപിടിച്ചത് എന്തൊക്കെയാണെന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരമില്ല. കാരണം ഫ്ലെമിന്റെ ഭാഷയിൽ ഇതൊന്നും അത്ര വലിയ കണ്ടുപിടിത്തങ്ങളല്ല, മറിച്ച് ഇതൊക്കെ അദ്ദേഹത്തിന്റെ കേവലം ചെറിയ പരീക്ഷണങ്ങൾ മാത്രം. മാർച്ച് മുതൽ രാജ്യവും സംസ്ഥാനവും ലോക്കഡൌൺ ആയിരുന്നു കൊറോണ കാലത്തെ പരീക്ഷണങ്ങളാണ് ഇപ്പോൾ ഫ്ലെമിനെ ആഗോളസമൂഹത്തിന്റെ ശ്രദ്ധ നേടിയെടുത്തത്. ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്തെ പോലീസ് നിർദ്ദേശം അവഗണിച്ച് റോഡിൽ ഇറങ്ങുന്നവർക്ക് മുന്നറിയിപ്പിന്റെ ഭാഗമായി സൈറൺ മുഴക്കുന്നതായിരുന്നു ഏറ്റവും പുതിയ പരീക്ഷണം. ഡ്രോൺ ഉപയോഗിച്ചുള്ള കണ്ടുപിടിത്തങ്ങളാണ് ഫ്ലെമിനെ ഏറെ ശ്രദ്ധേയനാക്കിയത്.
സോണി – ബിസ്മി ദമ്പതികളുടെ മകനായ ഫ്ലെമിൻ.കെ.സോണി തുവയൂർ ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം കൂടിയാണ്. തന്റെ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാബു ജോണിന്റെ നിർദ്ദേശവും പ്രോത്സാഹനവുമാണ് ഈ കണ്ട് പിടിത്തങ്ങൾക്ക് ഫ്ലേവിന് പ്രചോദനമായത്.
സ്കൂൾ പഠനം സമയത്ത്, പ്ലസ് വണിൽ ആയിരുന്ന കാലത്ത് ‘വെയ്റ്റ് ലിഫ്റ്റിങ് ഡ്രോൺ’ എന്ന തന്റെ ആശയം മലയാള മനോരമയുടെ ‘യുവ മാസ്റ്റർ മൈൻഡ്’ ലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഫ്ലേവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഇസ്രോ മുൻ ചെയർമാൻ കെ. ശിവൻ അടക്കമുള്ളവരുടെ അഭിനന്ദനങ്ങളും അംഗീകാരങ്ങളും ലഭിച്ചതാണ് ഈ പരീക്ഷണം. 2018 ലെ പ്രളയ സമയത്ത് ആഹാരസാധനങ്ങളും മരുന്നുകളും ദുരിത മേഖലകളിൽ എത്തിക്കാൻ സഹായകരമായി മാറി.
കാട് വിട്ടിറങ്ങുന്ന കാട്ടുമൃഗങ്ങളെ ഓടിക്കുന്നതിനായി ‘അൾട്രാ സൗണ്ട് അനിമൽ റിപ്പല്ലെന്റ് ഡ്രോണിന്റെ’ കണ്ടുപിടുത്തമാണ് മറ്റൊരു ശ്രദ്ധേയ പരീക്ഷണം. ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സൃഷ്ടിച്ചതാണ് ഏറ്റവും അവസാന പരീക്ഷണം. അടൂർ തുവയൂർ സ്വദേശിയായ ഫ്ലെമിൻ ഇതിനിടയിൽ കോളേജ് വിദ്യാർഥികൾക്കായി ഡ്രോൺ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുത്തിട്ടുണ്ട്.
ഡ്രോൺ റേസിംഗ് അടക്കമുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ ആഗ്രഹിക്കുന്ന ഈ “യുവ ശാസ്ത്രജ്ഞൻ” ഇലക്ട്രോണിക് കമ്യൂണിക്കേഷനിൽ തുടർപഠനത്തിനായി കാത്തിരിക്കുകയാണ്.