തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ബുറവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്ര മഴയാണ് പെയ്യാൻ പോകുന്നത് എന്നാണ് ഔദ്യോഗിക കണക്കുകൾ പുറത്ത് വരുന്നത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും.
രക്ഷാപ്രവർത്തനത്തിനായി നാവികസേന, കോസ്റ്റൽ ഗാർഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാൻ നിർദേശം നൽകിയതായി സംസ്ഥാന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അറിയിച്ചു. കേന്ദ്ര ദുരന്ത പ്രതികരണസേനയുടെ ഏഴ് സംഘങ്ങളെക്കൂടി ആവശ്യപ്പെട്ടു. മറ്റ് കേന്ദ്രസേനകളോടും സജ്ജരായിരിക്കാൻ നിർദേശം നൽകി. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തെത്തും. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതിതീവ്രമായി മഴ ഉണ്ടായാൽ ചെറിയ അണക്കെട്ടുകൾ തുറക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തെ ചുഴലിക്കാറ്റ് എങ്ങനെ ബാധിക്കുമെന്നത് അറിയാനിരിക്കുന്നതേയുള്ളൂ. എന്നാൽ, തെക്കൻ കേരളത്തിൽ അതിശക്തമായ കാറ്റിനും അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. ഏത് സാഹചര്യം ഉണ്ടായാലും നേരിടാനുള്ള മുന്നൊരുക്കങ്ങൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തെക്കുറിച്ചുള്ള വിവരങ്ങളും കേരളത്തെ എങ്ങനെ ബാധിക്കുമെന്നതും ചൊവ്വാഴ്ചയോടെ വ്യക്തമാകും. തെക്കൻ കേരളത്തിലും തെക്കൻ തമിഴ്‌നാട്ടിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാമുന്നറിയിപ്പ് പ്രഖ്യാപിച്ചു. രണ്ടുമുതൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കൻ തീരങ്ങളിൽ 75 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലിൽപ്പോകുന്നത് നിരോധിച്ചു.