തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ക്രിസ്മസും പുതുവത്സരവും ഏറെ കരുതലോടെയും ഒപ്പം അതീവ ജാഗ്രതയോടെയും ആഘോഷിക്കാൻ പാടുള്ളു എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് വ്യാപനം കൂടി നില്ക്കുന്നതും അതിന് പുറമെ ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഈ ക്രിസ്മസ് പുതുവത്സര ആഘോഷവേളകളില്‍ പ്രിയ പൊതുജനം ഏവരും കരുതലോടെ പാലിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
ക്രിസ്തുമസ് പുതുവത്സര വേളകളില്‍ നമ്മുടെ വീടുകളില്‍ സന്ദര്‍ശകരെ പരമാവധി കുറയ്ക്കേണ്ടതാണ്. ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും പ്രായമുള്ളവരും വീടുകളില്‍ കഴിയുകയാണെങ്കിലും സന്ദര്‍ശകര്‍ വരുമ്പോള്‍ കൃത്യമായി മാസ്ക് ധരിക്കേണ്ടതാണ്. അവരുമായോ കുട്ടികളുമായോ അടുത്തിടപഴകരുതെന്നും ആരോഗ്യ മന്ത്രി സംസ്ഥാനത്തെ ഓർമ്മിപ്പിച്ചു.
ദൈവാലയങ്ങളിലെ ഏത് ചടങ്ങുകളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂ, ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണം, പൊതുയിടങ്ങളിലെ ആഘോഷ പരിപാടികള്‍ കഴിവതും ഒഴിവാക്കണം. കടകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും സന്ദര്‍ശിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതിനും കൈകള്‍ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണമെന്നും മന്ത്രി പ്രസ്താവിച്ചു.