ജക്കാർത്ത: ഭീകരാക്രമണ ഭീഷണികളെക്കുറിച്ചുള്ള മുന്നറിയിപ്പു നിമിത്തം ക്രിസ്മസ് ആഘോഷങ്ങൾക്കു മുന്നോടിയായി, ഇന്തോനേഷ്യയിലുടനീളമുള്ള അനവധി പ്രദേശങ്ങളിലെ അനേക ദേവാലയങ്ങൾ പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതിനു പുറമേ, കോവിഡ് -19 പ്രതിരോധത്തിന് അണുനാശിനിയും തളിച്ചു.
ഡിസംബർ 24 ന് മകാസ്സർ സിറ്റിയിലെ നിരവധി ദേവാലയങ്ങളുടെ അകത്തും പുറത്തും സൗത്ത് സുലവേസി റീജിയണൽ പോലീസ് മൊബൈൽ ബ്രിഗേഡ് ഗെഗാന ടീം വിശദമായി പരിശോധന നടത്തി. കൂടാതെ, കൊറോണ വൈറസിന്റെ ഭീഷണിയിൽ നിന്ന് സഭയ്ക്ക് സുരക്ഷിതത്വബോധം നൽകുന്നതിനായി പോലീസ് ആലയങ്ങളെ അണുവിമുക്തമാക്കി. “പരിശോധനയുടെ ഫലമായി പള്ളി പ്രദേശത്ത് ബോംബുകളോ മറ്റ് അപകടകരമായ വസ്തുക്കളോ സംശയകരമായ മറ്റു വസ്തുക്കളോ ഞങ്ങൾക്ക് കണ്ടെത്താനായില്ല,” പ്രാദേശിക സബ് ടാസ്ക് ഫോഴ്സ് മേധാവി ഇപ്തു ജോക്കോ ട്രിയോനോ അന്റാരയോട് പറഞ്ഞു.
ഈസ്റ്റ് ജാവ പോലീസ് മൊബൈൽ ബ്രിഗേഡിൽ നിന്നുള്ള ബോംബ് നിർമാർജന സംഘം സിഡോവർജോ റീജൻസിയിലെ നിരവധി ദേവാലയങ്ങളും പരിശോധിച്ചു. സിഡോവർജോ റീജൻസിയിലെ ക്രിസ്മസ് ആഘോഷം കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ സുഗമമായും സുരക്ഷിതമായും പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ പരിശോധന നടത്തി. മുസ്ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയിൽ, ഭീകരാക്രമണങ്ങളിൽ നിന്ന് സുരക്ഷയ്ക്കായി ക്രിസ്മസിന് മുന്നോടിയായി രാജ്യവ്യാപകമായി പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ സർക്കാർ വിന്യസിച്ചിരുന്നു.