ആലപ്പുഴ: ക്രിസ്മസ് ദിനത്തിൽ ഗിദയോൻസ് ഇന്റർനാഷണൽ ഇൻ ഇന്ത്യ ആലപ്പുഴ ക്യാമ്പും ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ യും സംയുക്തമായി 1850ൽ പരം ഗിദയോൻസ് പുതിയ നിയമവും, ഗിഫ്റ്റുകളും വിതരണം ചെയ്തു. ലോകരക്ഷകന്റെ ജനനം മാലോകരെല്ലാം ആഘോഷിക്കുന്ന വേളയിൽ ജനങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സമ്മാനം തന്നെയാണ് പ്രായപ്പെട്ടവർ ഗിഫ്റ്റുകളോടൊപ്പം നൽകിയത്.
ആലപ്പുഴ പട്ടണത്തിലെ വിവിധ പോലീസ് സ്റ്റേഷനുകൾ, ജില്ലാ ജയിൽ, എക്സൈസ് ഓഫീസ്, പോലീസ് ക്യാമ്പ്, ജില്ലാ ഹോമിയോ ആശുപത്രി, ജനറൽ ഹോസ്പിറ്റൽ, ആലപ്പുഴ മെഡിക്കൽ കോളേജ്, ബോട്ട് ജെട്ടി, ഹൗസ് ബോട്ട് ടെർമിനൽ, ഫയർ സ്റ്റേഷൻ, ആലപ്പുഴ ബീച്ച്, ഓട്ടോ സ്റ്റാൻഡുകൾ, ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ, അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള വിവിധ പോലീസ് ഡിപ്പാർട്മെന്റ് ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇടങ്ങളിൽ വിതരണം നടത്തി.
ബ്രദർ ഷിബു ഡേവിഡിന്റെ (ഏരിയ ഡയറക്ടർ, ഗിദയോൻസ്) അദ്ധ്യക്ഷതയിൽ ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ് പ്രാർത്ഥിച്ചാരംഭിച്ച പ്രോഗ്രാമിൽ സംസ്ഥാന പി വൈ പി എ പ്രസിഡന്റ് ഇവാ അജു അലക്സ് ആലപ്പുഴ വനിത സ്റ്റേഷനിൽ ആദ്യ ഗിഫ്റ്റ് ബോക്സ് നൽകി പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. ബ്രദർ ഗോഡ്ലി എബ്രഹാം (പ്രസിഡന്റ് ഗിദയോൻസ് ആലപ്പുഴ), ഗിദയോൻസ് ആലപ്പുഴ ക്യാമ്പ് അംഗങ്ങളായ ബ്രദർ മാത്യു ജെയിംസ്, എൻ. ജി ശാമുവേൽ, എം. ജോർജ് കൂടാതെ പാസ്റ്റർ ഷിനു വർഗീസ് (കോ- ഓർഡിനേറ്റർ, പി വൈ പി എ പത്തനംതിട്ട മേഖലാ) എന്നിവർ സന്നിഹിതരായിരുന്ന ഈ സംരംഭത്തിന് ഡിസ്ട്രിക്റ്റ് പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ മനു വർഗീസ്, പാസ്റ്റർ സി. ജെ ഷിജുമോൻ, ബ്രദർ ജോബി ജോൺ, ബ്രദർ സാം അലക്സ് തോമസ്, ബ്രദർ സബിൻ സാബു, ബ്രദർ ടോം എം. തോമസ് എന്നിവർ നേതൃത്വം നൽകി.
ക്രിസ്മസ് ദിനത്തിൽ ഇതുപോലെയുള്ള വേറിട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ വരുംനാളുകളിലും സാധിക്കട്ടെയെന്ന് സംസ്ഥാന പി.വൈ.പി.എ ട്രഷററും ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ സെക്രട്ടറിയുമായ ബ്രദർ വെസ്ലി പി. എബ്രഹാം ആശംസിച്ചു.