തിരുവനന്തപുരം: ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കേരളത്തിലും കണ്ടെത്തി. നിലവിൽ 6 പേർക്കാണ് ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ നോക്കിയാൽ കോഴിക്കോട് ജില്ലയിൽ 2 പേർക്കും (ഒരു കുടുംബത്തിലെ അംഗങ്ങൾ), ആലപ്പുഴ ജില്ലയിൽ 2(ഒരു കുടുംബത്തിലെ അംഗങ്ങൾ), കണ്ണൂർ ജില്ലയിൽ 1, കോട്ടയം ജില്ലയിൽ 1 എന്നിങ്ങനെയാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താ സമ്മേളനത്തിൽ പ്രസ്താവിച്ചു. രോഗം സ്ഥിരീകരിച്ചവർ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ ആശുപത്രികളിലാണുള്ളതെന്നും ഇവരുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ളവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിച്ച പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് ജനിതക വ്യതിയാനമുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. പരിഭ്രാന്തി വേണ്ടെന്നും എന്നാൽ വളരെ ശ്രദ്ധിക്കേണ്ട വിഷയമാണിതെന്നും മന്ത്രി പറഞ്ഞു. മാറ്റി നിർത്തി ഐസൊലേറ്റ് ചെയ്ത് ചികിത്സിച്ചാൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ്. എന്നാൽ വളരെ പ്രായം കൂടുതലുള്ളവർക്കും മറ്റ് രോഗങ്ങൾ ഉള്ളവർക്കും വരുമ്പോഴാണ് എന്തെങ്കിലും ബുദ്ധിമുട്ട് വരികയെന്നും മന്ത്രി കൂട്ടിച്ചേർത്തു.