കൊച്ചി: ആഗോള വ്യാപകമായ മലയാളി മാധ്യമ പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ഗ്ലോബൽ മലയാളി പ്രസ് ക്ലബ് (GMPC) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബ്ബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിനെയും ആഗോള ജനറൽ സെക്രട്ടറിയായി നോർത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: ഗ്ലോബൽ കോഓർഡിനേറ്ററുമാർ: സോമൻ ബേബി (ബഹ്റിൻ), ഡോ. കൃഷ്ണ കിഷോർ (യുഎസ്എ); വൈസ് പ്രസിഡന്റുമാർ: സജീവ് കെ. പീറ്റർ (കുവൈറ്റ്), അനിൽ അടൂർ (തിരുവനന്തപുരം), നിഷ പുരുഷോത്തമൻ (എറണാകുളം), പി. ബസന്ത് (ന്യൂഡൽഹി); ട്രഷറർ: ഉബൈദ് ഇടവണ്ണ (സൗദി അറേബ്യ); ജോയിന്റ് ട്രഷറർ: സണ്ണി മണർകാട്ട് (കുവൈറ്റ്); ജോയിന്റ് സെക്രട്ടറിമാർ: എം.സി.എ. നാസർ (ദുബായ്), ചിത്ര കെ. മേനോൻ (കാനഡ), പി.ടി. അലവി (സൗദി അറേബ്യ), ജോസ് കുമ്പളുവേലിൽ (ജർമനി); ഗവേണിംഗ് കൗണ്‍സിൽ അംഗങ്ങൾ: ആർ.എസ്. ബാബു (ചെയർമാൻ, കേരളാ മീഡിയ അക്കാദമി), പി.പി. ജയിംസ് (എറണാകുളം), പി.പി. ശശീന്ദ്രൻ (കണ്ണൂർ), ലിസ് മാത്യു (ന്യൂഡൽഹി), കമാൽ വരദൂർ (കോഴിക്കോട്).
ജിഎംപിസി ലോഗോ പ്രകാശനം ജനുവരി രണ്ട് ശനിയാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട് പ്ലസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള നിര്‍വഹിച്ചു. കോഴിക്കോട് എംപി എം.കെ. രാഘവന്, മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എംപിയുമായ എം.വി. ശ്രേയാംസ്കുമാര്‍, കേരളാ പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.പി. ശശീന്ദ്രന്, കമാല്‍ വരദൂര്‍, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്, ജിഎംപിസി ആഗോള പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ജോയിന്റ് ട്രഷറര്‍ സണ്ണി മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം ജനുവരി ആറിനു തിരുവനന്തപുരത്ത് കേരളാ ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചിനു മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുത്തു.