മലപ്പുറം: കേരള ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗൺസിലിന്റെ പേരിലാണ് ഇത്തരത്തില്‍ പ്രചാരണം നടക്കുന്നത്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണമെന്നാണ് ഇവരുടെ പേരിലിറങ്ങിയ നോട്ടീസിലെ പ്രധാന ആവശ്യം. ബാങ്ക് വിളി മറ്റ് മതസ്ഥരെ നന്ദിക്കലാണെന്നും ശബ്ദമലിനീകരണമാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. നിരോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബാങ്കുവിളിക്കെതിരെ സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിന് സംഘടന ഒരുങ്ങുകയാണെന്നും നോട്ടീസിലുണ്ട്. പ്രമുഖ ക്രിസ്റ്റ്യൻ സംഘടനകളുടെയൊക്കെ പേരുവച്ചിറങ്ങിയ നോട്ടീസ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ഇത് മുസ്ലീം ക്രിസ്റ്റ്യൻ വിഭാഗങ്ങള്‍ തമ്മിലുള്ള മതമൈത്രി ഇല്ലാതാക്കാൻ ആരോ ബോധപൂര്‍വം വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചതാണെന്നാണ് കേരള കൗൺസില്‍ ഓഫ് ചര്‍ച്ചിന്റെ നിലപാട്. അതുകൊണ്ടുതന്നെ പ്രചാരണം എല്ലാവരും തള്ളിക്കളയണമെന്നും കേരള കൗൺസില്‍ ഓഫ് ചര്‍ച്ച് ആവശ്യപെട്ടു. ഭാരവാഹികളുടെ പേരും ഇ മയില്‍ വിലാസവുമൊക്കെയുള്ള നോട്ടീസില്‍ പക്ഷെ ഫോൺനമ്പര്‍ മായ്ച്ച നിലയിലാണ്. വ്യാജ പ്രചാരണത്തിനെതിരെ കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.