ന്യൂഡൽഹി: നഗരസഭകളുടെ പ്രവർത്തനമികവു വ്യക്തമാക്കുന്ന ദേശീയസൂചികയിൽ ഭരണനിർവഹണ വിഭാഗത്തിൽ കൊച്ചി ഒന്നാം റാങ്ക് നേടി. 2020 ജനുവരി– മാർച്ച് മാസങ്ങളിൽ നടന്ന സർവേയിലാണ് ഈ നേട്ടം.
തിരുവനന്തപുരത്തിനു 40–ാം റാങ്കാണ്. അതേസമയം, വിദ്യാഭ്യാസകാര്യത്തിൽ തിരുവനന്തപുരമാണു രാജ്യത്ത് ഒന്നാമത്. കൊച്ചി 36–ാം സ്ഥാനത്താണ്. രാജ്യത്തെ 111 നഗരങ്ങളിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടത്തിയ സർവേ ഫലം ഇന്നലെ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചു.
ജീവിതസൗകര്യങ്ങൾ, നഗരമികവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രധാന റാങ്കിങ്ങുകളിൽ മുന്നിലെത്താൻ കേരളത്തിലെ നഗരങ്ങൾക്കായില്ല.
ജീവിതസൗകര്യങ്ങളുടെ കാര്യത്തിൽ മികച്ച വൻനഗരം ബെംഗളൂരുവാണ്. 10 ലക്ഷത്തിൽ പരം ആളുകൾ താമസിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ പുണെ, അഹമ്മദാബാദ്, ചെന്നൈ, സൂറത്ത് എന്നീ നഗരങ്ങളാണു തൊട്ടുപിന്നിൽ. 10 ലക്ഷത്തിൽ താഴെ ആളുകൾ താമസിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഷിംലയ്ക്കാണ് ഒന്നാം റാങ്ക്.
ഭുവനേശ്വർ, സിൽവാസ, കാക്കിനാഡ, സേലം എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിൽ. കേരളത്തിൽ നിന്നു റാങ്കിന്റെ ഭാഗമായ കൊച്ചിയും തിരുവനന്തപുരവും ഈ വിഭാഗത്തിലായിരുന്നു. ഇതിൽ കേരളം 21–ാം റാങ്ക് നേടിയപ്പോൾ, കൊച്ചി 39–ാം റാങ്കിലെത്തി. നഗരസഭാപ്രവർത്തനമികവിൽ ധനകാര്യത്തിനു കൊച്ചിക്ക് ഒൻപതാം റാങ്കും ജീവിതസൗകര്യത്തിൽ സാമ്പത്തികശേഷിക്ക് മൂന്നാം റാങ്കുമുണ്ട്.