വാർത്ത: സുനിൽ മങ്ങാട്ട്
“ദൈവം നമ്മെ ഏല്പിച്ച ദൗത്യം ശക്തിയോടു ചെയ്യുക. യോഹന്നാൻ സ്‌നാപകൻ ദൗത്യ നിർവഹണത്തിനായി സകല സൗകര്യങ്ങളും ഉപേക്ഷിച്ചു. ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞു പ്രവർത്തിക്കുക. സുവിശേഷീകരണത്തിനുള്ള വിളി നാം മനസിലാക്കുക; ആൾക്കൂട്ടത്തെ പിൻഗമിക്കാനല്ല, ആൾക്കൂട്ടം നിങ്ങളെ അനുഗമിക്കട്ടെ. ആത്മാർത്ഥതയോടെ ദൈവത്തിനായി പ്രവർത്തിക്കാം.” സത്യത്തിനായി, സമാധാനത്തിനായി, സുവിശേഷത്തിനായി എന്ന ആപ്തവാക്യവുമായി സുവിശേഷീകരണ മേഖലയിൽ നിറസാന്നിധ്യമായ ‘ശാലോം ധ്വനിയുടെ’ ലേഡീസ് വിംഗ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സിസ്റ്റർ ഷീല ദാസ്. ശാലോംധ്വനി വനിതാ വിഭാഗം പ്രസിഡന്റ് സിസ്റ്റർ ടെസ്സി വിവേക് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി സിസ്റ്റർ ബ്ലസി സോണി പ്രവർത്തനത്തെപ്പറ്റി വിശദീകരിച്ചു.
2006 ൽ ശാലോം ബീറ്റ്സ് എന്ന മ്യൂസിക്കൽ പ്രവർത്തനത്തോടെ ആരംഭിച്ച പ്രവർത്തനം 2016 ൽ ഓൺലൈൻ റേഡിയോ പ്രോഗ്രാം, ലൈവ് ടിവി എന്നിവയിലൂടെ ശാലോംധ്വനി ക്രൈസ്തവ പത്രത്തിനപ്പുറത്തേക്ക് ദൈവം വ്യാപിപ്പിച്ചു. ഒരു വ്യക്തിക്ക് കടന്നു ചെല്ലാൻ സാധിക്കാത്ത ഇടങ്ങളിലേക്ക് ദൈവവചനം കടന്നുചെല്ലുവാൻ ശാലോം ധ്വനി ക്രൈസ്തവ പത്രത്തിനു കഴിഞ്ഞു എന്നു സിസ്റ്റർ ബ്ലസ്സി ഓർമ്മിപ്പിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന മീറ്റിംഗിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും വിവിധ മാധ്യമങ്ങളിലൂടെ പങ്കാളികളായി. സിസ്റ്റർ പെർസിസ് ജോൺ ഗാനശുശ്രുഷയ്ക്കു നേതൃത്വം നൽകി . 7-ാം തീയതിയിൽ നടന്ന റിവൈവൽ മീറ്റിംഗിൽ സിസ്റ്റർ അംബിക ശർമ്മ ദൈവവചനം സംസാരിച്ചു. സിസ്റ്റർ ബിനീഷ ബാബ്ജ്ജി ഗാനങ്ങൾ ആലപിച്ചു. ഇവാ. ജോൺ എൽസദായി (ചീഫ് എഡിറ്റർ ശാലോം ധ്വനി) റവ. ഡോ. എബ്രഹാം മാത്യു (ബാംഗ്ലൂർ) റവ. ഡോ. ജോ കുര്യൻ (യു. കെ) എന്നിവർ ആശംസകൾ അറിയിച്ചു.