ദൈവത്തെ ഇനി എന്നാണ് ആരാധിക്കുവാൻ കഴിയുന്നത് എന്നോർത്ത് വിശ്വാസിസമൂഹം ഭാരപ്പെടുന്ന ഒരു സവിശേഷ കാലഘട്ടമാണിത്. ഞായറാഴ്ചകളിൽ ഒഴിഞ്ഞുകിടക്കുന്ന സഭാഹാളുകളാണധികവും.ഇനി എന്നാണ് ഇതിനൊരു പരിഹാരം ഉണ്ടാവുക എന്നോർത്ത് നെടുവീർപ്പിടുന്ന ദൈവജനം.ആരാധന മുടങ്ങിക്കിടക്കുന്നു എന്നതിലെ ഹൃദയഭാരം പലർക്കും ചെറുതല്ല.
എന്നാൽ,യേശു പറഞ്ഞതു പ്രകാരമാണെങ്കിൽ, സത്യ നമസ്കാരികൾക്ക് (യഥാർത്ഥ ആരാധകർക്ക്) ആരാധന മുടങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. കാരാഗൃഹത്തിൽ കാലുകൾ ആമത്തിലിട്ടു പൂട്ടിയിരിക്കെ പൗലോസിനും ശീലാസിനും ദൈവത്തെ പാടി സ്തുതിച്ചാരാധിക്കുവാൻ കഴിഞ്ഞതും(അപ്പൊ.പ്ര-16:25) യോഹന്നാന് പത്മോസ് ദ്വീപിൽ വച്ച് ആത്മവിവശതയിലാകത്തക്ക വിധം ദൈവത്തെ ആരാധിച്ച് ദൈവിക സാന്നിദ്ധ്യാനുഭവമുണ്ടായതും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് നമുക്കതിനുള്ള തെളിവാണ്. ആരാധനയുടെ മറ്റു ചില വശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ആത്മാവിലും സത്യത്തിലുമുള്ള ആരാധന യേശു വെളിപ്പെടുത്തിയത്.ശമര്യർ ആരാധിച്ചിരുന്ന ശമര്യയിലെ മലയല്ല, യഹൂദർ ആരാധിക്കുന്ന യെരുശലേമാണ് ദൈവത്തെ ആരാധിക്കുവാൻ അക്കാലത്ത് നിയോഗിക്കപ്പെട്ടിരുന്ന സ്ഥലം എന്ന് സൂചിപ്പിച്ചു കൊണ്ട് യേശു പറഞ്ഞു,
“സത്യ നമസ്കാരികൾ (യഥാർത്ഥ ആരാധകർ-സത്യവേദപുസ്തകം ആധുനിക വിവർത്തനം) പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു;ഇപ്പോൾ വന്നുമിരിക്കുന്നു” (യോഹന്നാൻ-4:23) അന്നുവരെ കണ്ടതല്ല യഥാർത്ഥ ആരാധന എന്നും യഥാർത്ഥ ആരാധകരെയും യഥാർത്ഥ ആരാധനയും ലോകം കാണുവാൻ പോകുന്നതേയുള്ളൂ എന്നും അത് ആരംഭിച്ചുകഴിഞ്ഞു എന്നു തന്റെ ശിഷ്യരെ ഉദ്ദേശിച്ചു കൊണ്ടും യേശു അവിടെ സൂചിപ്പിച്ചു.
ആത്മാവിലും സത്യത്തിലുമുള്ള ആരാധനയെക്കുറിച്ചു പറഞ്ഞപ്പോൾ, ന്യായപ്രമാണ കാലത്ത് യഹൂദർ യരുശലേമിലോ ശമര്യർ അവരുടെ മലയിലോ വരുവാനുള്ള യുഗത്തിലെ(കൃപായുഗത്തിലെ) കർത്താവിന്റെ ശിഷ്യഗണം തങ്ങളുടെ സഭാഹാളിലോ മറ്റെവിടെയെങ്കിലുമോ പോയി ദൈവത്തെ ആരാധിക്കുന്ന കാര്യമല്ല, യഥാർത്ഥ ആരാധകരായ തന്റെ ശിഷ്യർക്ക് തങ്ങൾ എവിടെയായിരുന്നാലും ദൈവത്തെ ദൈവവചനാധിഷ്ഠിതമായി ആരാധിക്കാം എന്നാണ് യേശു വ്യക്തമാക്കിയത്.
പുതിയനിയമ തിരുവെഴുത്തുകളിൽ ആരാധനയെക്കുറിച്ചു പറയുന്നതു പ്രകാരമാണെങ്കിൽ, ആരാധന നടക്കുന്നില്ല എന്നു പറയപ്പെടുന്ന ഈ കോവിഡ് കാലത്തും യഥാർത്ഥ ആരാധകർക്ക് ആരാധന മുടങ്ങിയിട്ടില്ല. ക്രിസ്തുവിന്റെ വരവു വരെ അതു മുടങ്ങുകയുമില്ല. ആരാധനയ്ക്കുള്ള അവസരങ്ങളും സാഹചര്യങ്ങളും വർദ്ധിച്ചിട്ടേയുള്ളൂ.
മൂവായിരം പേർ സ്നാനം ഏറ്റ് അപ്പൊസ്തലന്മാരോടു ചേർന്നപ്പോൾ അവർ ഒരു നിശ്ചിത സ്ഥലത്ത് കൂടിവന്ന് അപ്പൊസ്തലൻമാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു(അ.പ്ര-2:41,42)അവർ ദൈവത്തെ ആരാധിച്ചു എന്ന് അവിടെ പറയുന്നില്ലെങ്കിലും ദൈവം പ്രസാദിക്കുന്ന ആരാധന അവിടെ കാണുന്നുണ്ട്.അതിൽ ഒന്ന് കൂട്ടായ്മയാണ്.മറ്റൊന്ന് അവിടെ നിരന്തരം ഉയരുന്ന അധരാർപ്പണമായ സ്തുതീ സ്തോത്രങ്ങളാണ്.(എബ്രായർ-13:15,16). അത് വെറും അധരചർമ്മണമായിരിക്കാതെ, ഹൃദയാന്തർഭാഗത്തുനിന്നുമുയരുന്ന സ്തുതിയുടെയും നന്ദിയുടെയും ആരാധനയുടെയും ബഹുമാനത്തിന്റെയും വിധേയത്വത്തിന്റെയും ബഹിർസ്പുരണമായിരിക്കണം. കൂടിവരവുകളിൽ (സഭായോഗങ്ങളിൽ) പ്രകടമാകുന്ന ഈ ആരാധന, ആരാധനയുടെ ഒരു ഭാഗമായി മാത്രം അവിടെ പ്രകടമാകുന്നതാണ്.ഈ ആരാധനാരീതിയെക്കുറിച്ച് പഴയനിയമ പുസ്തകങ്ങളിലും സൂചനയുണ്ട്.(ഉദാ:സങ്കീർത്തനങ്ങൾ-50:13,14).കൂടി വന്നില്ലെങ്കിലും ഇതു രണ്ടും സാദ്ധ്യമാണ്.
കൂടി വരവിൽ(സഭായോഗത്തിൽ) അപ്പൊസ്തലൻമാരുടെ ഉപദേശമുണ്ട്,കൂട്ടായ്മയുണ്ട്. കൂട്ടായ്മ എന്നത് കൂടിവരവല്ല. സഭായോഗത്തെയാണ് കൂടിവരവെന്ന് നാം പറയുന്നത്. കൂട്ടായ്മയും കൂടി വരവും രണ്ടുകാര്യങ്ങളായാണ് ഇവിടെ കാണുന്നത്. കൂട്ടായ്മ എന്നാൽ, കൂടി വരുന്നവരിൽ ആർക്കെങ്കിലുമൊക്കെ തനിയേ നിവർത്തിക്കുവാൻ കഴിയാത്ത അവരുടെ ആവശ്യങ്ങൾ കൂട്ടായി (സഭയായി) സാധിച്ചു കൊടുക്കുന്നതും കൂട്ടുസഹോദരന്റെ പരിമിതി മനസ്സിലാക്കി അയാളുടെ ആവശ്യങ്ങളിൽ വ്യക്തിപരമായി പങ്കാളിത്തം വഹിക്കുന്നതുമാണ്. അത് ദൈവത്തിനുള്ള യാഗമാണെന്നു നാം കണ്ടുവല്ലൊ(എബ്രായർ-13:15,16)അപ്പം നുറുക്കലും പ്രാർത്ഥനയും അവിടെ ഉണ്ട്. ഇവയിൽ കൂടി വരവിലല്ലാതെ സാധിക്കാത്തതായി ഒന്നു മാത്രമേയുള്ളൂ. അത് അപ്പം നുറുക്കലാണ്. മറ്റെല്ലാം കൂടിവരവിന്റെ സംതൃപ്തിയോടെയല്ലെങ്കിലും ഓൺലൈനിലൂടെയോ സ്വയമായോ സാദ്ധ്യമാക്കുവാൻ ഇന്ന് സാഹചര്യങ്ങളുണ്ട്.അപ്പം മുറിക്കൽ ശുശ്രൂഷ കൂടിവരവിലല്ലാതെ വചനാനുസൃതമായി നിറവേറുകയില്ല. എന്നാൽ ഓൺലൈനിൽ അതു നിർവഹിക്കുന്നവരും ഇക്കാലത്ത് ഇല്ലാതില്ല.അത് തികച്ചും വചനവിരുദ്ധമാണ്.
ആരാധന നടക്കാത്തത് കൂടിവരവില്ലാഞ്ഞിട്ടല്ല. ആരാധനയെ സംബന്ധിച്ചുള്ള നമ്മുടെ മുൻവിധിയും അനാസ്ഥയുമാണ് കാരണം.യേശുവും അപ്പൊസ്തലൻമാരും പുതിയനിയമസഭയ്ക്കു നൽകിയിരിക്കുന്ന ആരാധനയെ സംബന്ധിക്കുന്ന പഠിപ്പിക്കലുകൾ ശ്രദ്ധേയമാണ്.
റോമർ-12:1,2 വാക്യങ്ങളിൽ കാണുന്നത് നാം അർപ്പിക്കേണ്ട യാഗത്തെ(ആരാധനയെ) സംബന്ധിച്ചുള്ള വളരെ പ്രാധാന്യമേറിയ നിർദ്ദേശങ്ങളാണ്. നമ്മുടെ ശരീരത്തെ ത്തന്നെ യാഗമായി അർപ്പിക്കണമെന്നും ശരീരത്തെ ഈ ലോകത്തിന് അനുരൂപമാക്കി പ്രദർശിപ്പിക്കാതെ അപ്രകാരമുള്ള പ്രേരണകളെ അവഗണിച്ച് മനസ്സ് മാറ്റി(പുതുക്കി) രൂപാന്തരം പ്രാപിച്ച് ശരീരത്തെ ഊനമില്ലാതെ (യോഗ്യമുള്ളതാക്കി) വേണം യാഗമായി അർപ്പിക്കേണ്ടതെന്നും അവിടെ നമുക്കു കല്പന ലഭിച്ചിരിക്കുന്നു. സ്വയം യാഗമായിത്തീരേണ്ടതിന്റെ ആവശ്യകത യാണവിടെ കാണുന്നത്.ശരീരത്തെ(ജീവിതംതന്നെ)യാഗമാക്കി ദൈവവചന പ്രകാരമുള്ള ആരാധന ദൈവത്തിനർപ്പിക്കുമ്പോൾ സഹനങ്ങളും കഷ്ടങ്ങളുമൊക്കെ കടന്നുവരും. ഇടുക്കുവാതിലിന്റെയും ഞെരുക്കമുള്ള വഴിയുടെയും അനുഭവം നാം രുചിച്ചറിയും.(മത്തായി-7:13,14;ലൂക്കോസ്-13:23-25).
യേശു തന്റെ ശരീരത്തെ നമുക്കായി യാഗമാക്കിയിട്ടാണ് നമ്മുടെ ശരീരത്തെ തനിക്കായി യാഗമർപ്പിക്കുവാനാവശ്യപ്പെട്ടത്.യേശു ദാരിദ്ര്യ ജീവിതം തെരഞ്ഞെടുത്തിട്ട് (2കൊരി-8:9) ചില ആനുകൂല്യങ്ങൾ അനുവദിച്ചു കൊണ്ടു തന്നെ നമ്മോടും അത്തരമൊരു ജീവിതരീതി ആവശ്യപ്പെട്ടു. യേശു തന്നെത്താൻ ത്യജിച്ച് സകലവും വിട്ടുപിരിഞ്ഞിട്ടാണ് (ഫിലി-2:5-9) നമ്മോടും തന്നെത്താൻ ത്യജിക്കുവാനും (മത്തായി-16:24-26) സകലതും വിട്ടുപിരിയുവാനും (ലൂക്കോസ്-14:33) ആവശ്യപ്പെട്ടത്.
യേശു തന്റെ ശരീരത്തെ യാഗമാക്കുവാനായി എന്തെല്ലാം ചെയ്തുവോ, അതെല്ലാം നമ്മുടെ ശരീരത്തെ യാഗമാക്കുന്നതിനുള്ള യോഗ്യതയ്ക്കായി ചെയ്യുവാൻ നമ്മോടാവശ്യപ്പെട്ടു.
പക്ഷെ,നമുക്കായി യാഗമരണം അനുഭവിച്ചിട്ട്, നമ്മോടും ക്രൂശിക്കപ്പെടുവാനല്ല,മറിച്ച് തന്റെ ക്രൂശുമരണത്തോടു താദാത്മ്യം പ്രാപിക്കുവാനേ പറഞ്ഞുള്ളൂ.അത് നമ്മിൽ അദൃശ്യമായും ദൃശ്യമായും സാദ്ധ്യമാകത്തക്ക ക്രമീകരണങ്ങളാണ് നമ്മുടെ ശരീരത്തെ യാഗമാക്കുവാൻ പറഞ്ഞതിലൂടെ ആവശ്യപ്പെട്ടത്. എന്നിട്ടും യാഗമാകേണ്ട ശരീരത്തിൽ നാം എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ശോധന ചെയ്ത് അവയിൽനിന്നെല്ലാം വിട്ടുപിരിയേണ്ടത് ക്രിസ്തുവിനോടുള്ള അനുരൂപപ്പെടലിനാവശ്യമാണ്(ലൂക്കോസ്-14:33-35)യേശു തന്റെ ശരീരത്തെ നമുക്കായി യാഗമാക്കിയതിനോടുള്ള അവഗണനയാണ് നാം നമ്മുടെ ശരീരങ്ങളെ വിവിധമായി അലങ്കരിച്ചു പ്രദർശിപ്പിക്കുന്നതിലൂടെ കാണിക്കുന്നത്.യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തെ വികലമാക്കുകയാണ്(ഊനമുള്ളതാക്കി മാറ്റുകയാണ്) നാം ചെയ്യുന്നത്.കർത്താവിനാവശ്യം ഊനമില്ലാത്തതാണെന്നത് ദൈവവചനത്തിൽ വ്യക്തതയുള്ള കാര്യമാണല്ലൊ(പുറപ്പാട്-12:5;യെഹെ-46:13). നമുക്കായി യാഗമാകുവാൻ പോയ യേശുവിന്റെ ശരീരത്തിലെ അലങ്കാരങ്ങളും യേശുവിനായി യാഗമാകുന്നു എന്നവകാശപ്പെടുന്ന നമ്മുടെ ശരീരത്തിലെ അലങ്കാരങ്ങളുമായി ഒന്നു താരതമ്യം ചെയ്താൽ നമുക്ക് ലജ്ജിക്കേണ്ടി വരും.
ശരീരം യാഗമാക്കിക്കൊണ്ടാണ് ശരീരം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തേണ്ടത് (1കൊരി-6:20).അവിടെ പറയുന്നതു പ്രകാരം നമ്മെ വിലയ്ക്ക് വാങ്ങിയിരിക്കുന്നത് നമ്മുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി നാം ദൈവത്തിനു പ്രീതികരമായ യാഗമായിത്തീരേണ്ടതിനാണ്.പൗലോസ് സ്വന്ത ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കിയത് തന്റെ ശരീരത്തെ ദൈവത്തിനായുള്ള യാഗത്തിന് യോഗ്യമാംവിധം ഊനമില്ലാത്തതായി സൂക്ഷിക്കേണ്ടതിനായിരുന്നു (1കൊരി-9:27).
അനുദിനജീവിതത്തിൽ നിറവേറപ്പെടുന്നതാണ് ആത്മാവിലും സത്യത്തിലുമുള്ള ആരാധന.എവിടെയെങ്കിലും പോയി ഒരു നിശ്ചിതസമയത്ത് പൂർത്തീകരിക്കാവുന്നതല്ല ക്രിസ്തീയ ആരാധന.ഓരോരുത്തരുടെയും ജീവിതത്തിലുടനീളം ഇടവേളയില്ലാതെ തുടരേണ്ടതാണത്.സ്വന്ത ജീവിതം ദൈവത്തിനുള്ള ആരാധനയായിരിക്കണം എന്ന് സാരം.അതിന്റെ മാതൃക കാട്ടിത്തന്നു കൊണ്ടാണ് കർത്താവ് ഇവിടെ ജീവിച്ചത്. സ്തോത്ര ഗീതം പാടി ശിഷ്യരോടൊത്ത് പിതാവിനെ സ്തുതിച്ചിരുന്നതിലുമുപരിയായി പിതാവുമായുള്ള വ്യക്തിപരമായ ബന്ധത്തിന് യേശു വളരെ പ്രാധാന്യം കൊടുത്തിരുന്നു. നമുക്കുള്ള മാതൃകയാണത്. നാമുമായും വ്യക്തിപരമായ സംസർഗ്ഗമാണ് അവിടുത്തേയ്ക്ക് ഏറെ പ്രസാധകരം.
നമ്മുടെ പൂർവ്വ പിതാക്കന്മാർക്ക് കാള,ആട് തുടങ്ങിയവയെ യാഗം ചെയ്ത് വേണമായിരുന്നു ദൈവത്തെ ആരാധിക്കുവാൻ. എന്നാൽ നമുക്കായി തന്നെത്തന്നെ യാഗമാക്കി അർപ്പിച്ചുകൊണ്ട് യേശു അതിനു മാറ്റം വരുത്തി. ശരീരത്തെ യോഗ്യമായ യാഗമായി അർപ്പിക്കുക, നമുക്കുള്ളതെല്ലാം അർപ്പിക്കുക,സ്തുതി സ്തോത്രങ്ങൾ അർപ്പിക്കുക എന്നിങ്ങനെയാണത് നിറവേറ്റേണ്ടത്.
ആരാധന അർപ്പണമാണെന്ന് വചനത്തിൽ കാണുന്നു.ന്യായപ്രമാണകാലത്ത് ദൈവത്തിന് യാഗമായർപ്പിക്കേണ്ടിയിരുന്നത് മൃഗങ്ങളെയായിരുന്നുവെങ്കിലും അധരാർപ്പണമായ സ്തുതി സ്തോത്രങ്ങൾ കാളകൾക്കും കാളക്കുട്ടികൾക്കും പകരമായി (തുല്യമായി) സൂചിപ്പിച്ചിട്ടുള്ളത് ഹോശയ്യാ-14:2 ൽ കാണുന്നു. അങ്ങനെയെങ്കിൽ ദൈവം പ്രസാദിക്കുന്ന യാഗമായി പുതിയനിയമത്തിൽ സൂചിപ്പിച്ചിരിക്കുന്ന സ്തുതിസ്തോത്രങ്ങളും കൂട്ടായ്മയുമായ ആരാധനയുടെ (എബ്രായർ-13:15,16) മൂല്യം ദൈവം കാണുന്നത് നമുക്ക് ഗണിക്കാവുന്നതല്ല.
സഭാഹാളിൽ നാം പോകുന്നത് ആരാധനയ്ക്ക് വേണ്ടി മാത്രമല്ല. ദൈവമക്കൾ തമ്മിലുള്ള ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷാത്ക്കാരമാണ് അവിടെ പ്രധാനമായും കാണപ്പെടേണ്ടത്. കയ്യടിച്ച് നൃത്തത്തോടെയും സംഗീത ഉപകരണങ്ങളുടെ താളത്തിനൊത്തുള്ള അംഗചലനങ്ങളോടെയും പാട്ടുപാടി ആരാധിക്കുന്നതു മാത്രമല്ല ദൈവത്തിനുള്ള ആരാധന.ആരാധന ഉൾപ്പെടെ ഇക്കാര്യങ്ങളിലുള്ള യേശുവിന്റെയും അപ്പൊസ്തലൻമാരുടെയും പഠിപ്പിക്കലുകൾ പ്രകാരമുള്ള കൂടിവരവാണ് (സഭായോഗം) നമുക്കാവശ്യം. സംഗീതോപകരണങ്ങളുടെ ശബ്ദ അകമ്പടിയോടെ മാത്രമേ നമുക്ക് ആരാധന വരൂ എന്നാണെങ്കിൽ, താളമേളങ്ങൾ നിർത്തുമ്പോൾ ആരാധന പെട്ടെന്ന് നിന്നുപോകുന്ന സ്ഥിതിയാണെങ്കിൽ അതിലെ ഔചിത്യമില്ലായ്മ നാം തിരിച്ചറിയണം. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയെക്കുറിച്ചു പറഞ്ഞപ്പോൾ, യേശു എന്താണ് ഉദ്ദേശിച്ചതെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. അതിൽ ഒന്ന്, ആത്മാവിൽ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്ന ദൈവസംസർഗ്ഗത്തിനായുള്ള വാഞ്ഛയിൽ നിന്നുളവാകുന്ന മനോഭാവവും സ്തുതിസ്തോത്രങ്ങളായ അതിന്റെ പ്രകടമായ സാക്ഷ്യവുമാണ്.യേശു പറഞ്ഞതു പ്രകാരം സത്യമായ വചനത്തിനു(യോഹ-17:17) ചേർന്ന, യേശു ഉപദേശിച്ച വചനപ്രകാരമുള്ള ജീവിത ക്രമീകരണങ്ങളാണ് മറ്റൊന്ന്. ഇന്നു കാണപ്പെടുന്നതിനപ്പുറമായി,ജീവിതത്തിലുടനീളമുള്ള നിരന്തര ആരാധനയാണ് ദൈവത്തിന് ഏറെ പ്രസാദകരം. ദൈവത്തെ പ്രസാദിപ്പിച്ചുകൊണ്ടുള്ള ജീവിതമായിരിക്കണം ക്രിസ്തുശിഷ്യന്റേത്. യഥാർത്ഥ ആരാധകരുടെ യഥാർത്ഥ ആരാധന സ്വന്തം ജീവിതമാണ്. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയുടെ മുഖ്യ പങ്കും വഹിക്കുന്നത് സ്വന്ത ജീവിതമാണ്. വിശുദ്ധിയും വേർപാടും ആരാധനയുടെ മുഖ്യഘടകവും. നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ടവരാണ് ദൈവത്തെ ആരാധിക്കേണ്ടത്(എഫെസ്യർ-4:24)ആരാധനക്കാരുടെ വിശുദ്ധിയെ മാനദണ്ഡമാക്കി മാത്രമേ ആരാധനയിൽ ദൈവം പ്രസാധിക്കുകയുള്ളൂ.ദൈവപ്രസാദമില്ലാത്ത ആരാധനകൾ ദൈവം നിറുത്തിച്ചത് ബൈബിൾ ചരിത്രങ്ങളാണ്. ഇന്നത്തെ ആരാധനാലയങ്ങളുടെ അടച്ചുപൂട്ടലിന്റെ പിന്നിലും, ആരാധനയിലുള്ള ദൈവത്തിന്റെ അനിഷ്ടമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.നമ്മുടെ ആരാധന ദൈവത്തിന് വെറുപ്പായോ. ചിന്തനീയമാണ്. റോമർ-12:1 ൽ ആരാധനക്കാരനുണ്ടായിരിക്കേണ്ട ജീവിതവിശുദ്ധിയെ കുറിച്ചു കാണുന്നു. ആരാധനയുടെ പ്രകടനങ്ങൾ കാണപ്പെടുകയും വിശുദ്ധി ഇല്ലാതിരിക്കുകയും ചെയ്താൽ അത്തരം ആരാധന കപടമാണ്,ദൈവം വെറുക്കുന്നതാണ്. എപ്പോഴുമുള്ള സ്തോത്രവും(എഫെ-5:20;കൊലൊ-3:17) ഇടവിടാതെയുള്ള പ്രാർത്ഥനയും(1തെസ്സ-5:17)നമ്മിലുളവാകുന്നത് ക്രിസ്തു കേന്ദ്രീകൃതമായ, ക്രിസ്തുവുമായി നിരന്തര ബന്ധമുള്ള മനോഭാവത്തിൽ നിന്നാണ്.ഈ ബന്ധത്തിന് ജീവിതവിശുദ്ധി പരമപ്രധാനമാണ്.ദൈവത്തിനു പ്രസാദകരമാകുമാറ് ജീവിത വിശുദ്ധിയോടെയാണോ ഇന്നത്തെ നമ്മുടെ ആരാധന.
ചിലർ സമൂഹത്തിലുള്ള ചില വിശിഷ്ട വ്യക്തികളുടെ ആരാധകരാകാറുണ്ട്. അവർ ആ വ്യക്തിയുടെ വിവിധ ജീവിതശൈലികളെ (ഹെയർസ്റ്റൈൽ, വസ്ത്രധാരണം, അംഗചലനങ്ങൾ, സംസാരം തുടങ്ങിയവ) അനുകരിക്കാറുണ്ട്.വലിയ അഭിമാനമായാണ് അവരത് കാണുന്നത്. യഥാർത്ഥത്തിൽ യേശു പറഞ്ഞതും ദൈവം പ്രസാധിക്കുന്നതുമായ ആരാധനയുടെ തനിമ തന്നെയാണത്. യേശുവിനെ അനുകരിക്കുന്നതു തന്നെയാണ് യേശുവിനോടുള്ള ആരാധന. യേശുവിനെ അനുകരിക്കുമ്പോൾ (അനുഗമിക്കുമ്പോൾ) ആരാധനയെക്കുറിച്ച് എന്തെല്ലാമാണോ ദൈവവചനം നമ്മെ ഉത്ബോധിപ്പിക്കുന്നത്, അവയെല്ലാം നമ്മുടെ ജീവിതത്തിൽ പ്രകടമാകും. അങ്ങനെ നമ്മുടെ ജീവിതം തന്നെ ദൈവത്തോടുള്ള ആരാധനയാക്കി, അവിടുത്തെ പ്രസാദിപ്പിക്കുന്നവരായി നാം മാറും.യേശു പറഞ്ഞതു പ്രകാരം ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുമ്പോൾ ഈ ഭൂമിയിൽ പല നഷ്ടങ്ങളും കഷ്ടങ്ങളും സഹിക്കേണ്ടതായി വരും.എന്നാൽ *നമ്മുടെ ലക്ഷ്യം കർത്താവിനോടു കൂടെയുള്ള നിത്യതയായിരിക്കുന്നതിനാൽ അത്തരം സഹനങ്ങൾ പ്രത്യാശയുളവാക്കുന്നതും സന്തോഷദായകവുമായിരിക്കും
നിത്യതയായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.