ഓട്ടക്കളത്തിൽ ഓടുന്നവർ
ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.
സംഖ്യാപുസ്തകം ഇരുപത്തിരണ്ടാം അധ്യായത്തിലെ ബിലായാം പ്രവാചകൻ ഒരു ഇസ്രായേൽക്കാരൻ അല്ലായിരുന്നു എങ്കിലും യഹോവയെ സേവിക്കുന്ന യഹോവയുടെ പ്രവാചകൻ ആയിരുന്നു.
ഇസ്രായേൽ ജനത്തിന്റെ കാനാനിലേക്കുള്ള യാത്രയിൽ മോവാബ് എത്തിയപ്പോൾ മോവാബ് രാജാവായ ബാലാക്ക് ഇസ്രായേൽ ജനത്തെ ശപിക്കുവാനായി പ്രവാചകനായ ബിലയാമിനോട് ആവശ്യപ്പെടുന്നു, എന്നാൽ ബിലയാം ദൈവത്തോട് ആലോചന ചോദിക്കുന്നു. സംഖ്യാ.22:12-13 ദൈവം ബിലെയാമിനോടു: നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു. ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
ഇസ്രായേൽ ജനത്തെ ശപിക്കാൻ ബാലാക്കിന്റെ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നിട്ടും ബിലെയാം യഹോവയോട് വിശ്വസ്തനായി ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കുന്നു. സംഖ്യാ. 23:9 -11 ശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു; ഗിരികളിൽനിന്നു ഞാൻ അവനെ ദർശിക്കുന്നു; ഇതാ തനിച്ചു പാർക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
യാക്കോബിന്റെ ധൂളിയെ ആർക്കു എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആർക്കു ഗണിക്കാം? ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ. ബാലാക്ക് ബിലെയാമിനോടു: നീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാൻ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
അനേകം ഭൗമിക വാഗ്ദാനങ്ങളാൽ ബിലെയാമിനെ വശീകരിക്കാനായി വന്ന ബാലാക്കിന്റെ ഭൃത്യൻമ്മാരോട് വളരെ കർശനമായി സംസാരിച്ചു എങ്കിലും പറഞ്ഞ വാക്ക് പാലിക്കുവാൻ അവന് കഴിഞ്ഞില്ല എന്നുള്ളതാണ് അവൻറ പരാജയകാരണം. സംഖ്യാ. 22:18 ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്വാൻ എനിക്കു കഴിയുന്നതല്ല.
തൻറ വിശ്വാസ ജീവിതത്തിൻറ ആരംഭത്തിൽ നല്ല ഓട്ടം ഓടുകയും പിന്നീട് കൃപയിൽ നിന്ന് വീണു വിശ്വാസത്യാഗം ചെയ്ത ഒരാളുടെ ദയനീയമായ ഉദാഹരണമാണ് ബിലെയാം.
2 പത്രൊ. 2:15 -16അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു. അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.
ദൈവത്തിൻറെ പ്രവാചകനായിരുന്ന ബിലെയാം ദൈവത്തെ പൂർണ്ണമായി അനുസരിക്കാതെ പാപം ചെയ്തു. തന്റെ മാനസിക നില തെറ്റി (ബുദ്ധിഭ്രമം പിടിപെട്ട്) ഒരു പ്രശ്നക്കാരൻ ആയിത്തീർന്ന് ജീവിതം വാളിനാൽ അവസാനിച്ചു. പ്രവാചകൻറ ബുദ്ധി ഭ്രമത്തെ തടയാൻ ദൈവം ഒരു ഉരിയാടാ കഴുതയിലൂടെ സംസാരിച്ചെങ്കിലും പ്രവാചകൻ ദൈവശബ്ദം തിരിച്ചറിഞ്ഞില്ല.സംഖ്യാ.22:28 അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
ബിലെയാം ബാലാക്കിനോട് പറഞ്ഞത് ഇസ്രായേല്യരെ ശപിക്കാൻ തനിക്കാവില്ലെന്നും എന്നാൽ അവർ സ്വയം ശപിക്കപ്പെട്ടവരായിത്തീരുവാനുള്ള ബുദ്ധി ബാലാക്കിന് പറഞ്ഞുകൊടുത്തു. സംഖ്യ.31:16 ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹോതുവായതു.
എന്താണ് ബിലയാമിന്റെ ഉപദേശം? ഇസ്രായേൽ ജനത്തെ മോവാബിലെ വേശ്യകളാലും വിഗ്രഹങ്ങളാലും പ്രലോഭിപ്പിക്കാമെന്ന് ബിലയാം ബാലാക്കിനോട് ബുദ്ധി പറയുന്നു. ബാലക് ഈ ഉപദേശം ശ്രദ്ധിക്കുകയും അനേകം ഇസ്രായേല്യരെ പ്രലോഭിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നു, അതിനാൽ ദൈവം ഇസ്രായേല്ല്യരുടെ ഇടയിൽ ബാധകൾ അയയ്ക്കുന്നു.
ബിലയാമിന്റെ ഹൃദയം ലോക സമ്പത്തിൽ ആയിരുന്നു. ഇസ്രായേൽ മക്കളുടെ മുമ്പാകെ ഇടർച്ച വരുത്താൻ ബിലെയാം ബാലാക്കിനെ ഉപദേശിച്ചു, ഇതാണ് ബില യാമിന്റെ ഉപദേശം… വെളി. 2:14 എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ടു; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു.
തന്റെ പ്രവാചക അധികാരം പണത്തിനുവേണ്ടി വിറ്റ് കളഞ്ഞ വഞ്ചകനായി യൂദാ ബിലെയാമിനെ അപലപിക്കുന്നു: യൂദാ1:11 അവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.
ദൈവം ബിലെയാമിനോട് ഇടപെട്ട വിധം…. ദൈവം ബിലെയാമിനോട് സത്യം വ്യക്തമായി പറഞ്ഞു.
സംഖ്യാ. 22:12 ദൈവം ബിലെയാമിനോടു: നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു.
ദൈവം ബിലെയാമിന് വ്യക്തമായ ഒരു അടയാളം നൽകി. കഴുതയും ദൂതനുമായുള്ള സംഭവത്തിന് ശേഷവും വീണ്ടുവിചാരമില്ലാതെ
ബിലയാമിന്റെ സ്വന്ത ആഗ്രഹങ്ങളുമായി തുടർന്നും വിട്ടുവീഴ്ച ചെയ്യാതെ മുമ്പോട്ട് പോയി. (സംഖ്യാ.22: 21-35).
ദൈവം ബിലെയാമിനെ മരണത്തിന് വിധിച്ചു.ഇസ്രായേല്യരുടെ കയ്യാൽ ബിലെയാം മരിച്ചു. യോശു.13:22 യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ടു കൊന്നു.
എന്തായിരുന്നു ബിലയായാമിന്റെ ഏറ്റവും വലിയ പിഴ? ബിലെയാം ബാലാക്കിന്റെ ആവശ്യാനുസരണം ഇസ്രായേൽക്കാരെ കാണുവാൻ പോകുന്നതിനായി തയ്യാറായപ്പോൾത്തന്നെ ദൈവം അവനെ വിലക്കി. എന്നാൽ അവൻ അതേ വിഷയം തന്നെ വീണ്ടും ദൈവത്തോട് ചോദിച്ചു. അപ്പോൾ ദൈവം അവനെ അനുവദിച്ചു എങ്കിലും അത് ദൈവഹിതമായിരുന്നില്ല. ദൈവത്തിൽ ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നും മാത്രമാണുള്ളത്. ദൈവം മനുഷ്യനെപ്പോലെ വാക്കും വാഗ്ദാനവും മാറ്റുന്നവനല്ല. അവന്റെ ഉള്ളിലെ ആഗ്രഹം പോകണമെന്ന് തന്നെയായിരുന്നു. ദൈവം ദൈവത്തിന്റെ ഹിതം മാറ്റട്ടെ എന്ന് അവൻ ആഗ്രഹിച്ചു. അവന്റെ ഹിതം ദൈവഹിതത്തിന് അനുസരിച്ച് മാറ്റുവാൻ അവൻ തയ്യാറായില്ല. അത് അവന് നാശകാരണമായിത്തീർന്നു.
ഇതുപോലെ ദൈവവിളി ലഭിച്ചവർ, ആദ്യകാലങ്ങളിൽ വിശുദ്ധിയും വേർപാടും പാലിച്ചിരുന്നവർ, അതിവേഗം ബഹുദൂരം പിന്നിട്ടവർ പലരും പിന്നീടുള്ള ഓട്ടത്തിൽ പരാജയപ്പെട്ടു പോകുന്നത് അവർ ദൈവഹിതത്തിന് തങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിക്കാതെ ലോകത്തിന് അനുരൂപരാകുന്നത് കൊണ്ടാണ്. മത്താ.7:14 ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ. മത്താ.10:22 എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.