കോട്ടയം: ക്രൈസ്തവ സഭ കൂടുതൽ വെല്ലുവിളി നേരിടുന്ന വർത്തമാന കാലത്ത് വിശ്വാസ തീഷ്ണതയ്ക്ക് വളരെ പ്രസക്തിയുണ്ടെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ. നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംഘടിപ്പിച്ച ഭാരത ക്രൈസ്തവ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എൻ്റെ കർത്താവും ദൈവവും ആയുള്ളേവേ” എന്ന വിശുദ്ധ തോമസ് അപ്പോസ്തലൻ്റെ വിശ്വാസ പ്രഖ്യാപനം ഭാരത സഭയ്ക്ക് വിലപ്പെട്ടതാണ്. ഏതു പ്രതിസന്ധികളെയും അതിജീവിക്കാൻ ഈ വിശ്വാസ ബോധ്യങ്ങൾക്ക് കഴിയും, മന്ത്രി കൂട്ടിച്ചേർത്തു.
കോട്ടയം, നട്ടാശ്ശേരി സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന സമ്മേളനത്തിൽ
ഓർത്തോഡോക്സ് സഭാ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത അധ്യക്ഷത വഹിച്ചു. സഭ സാമൂഹിക മാറ്റത്തിൻ്റെ ചാലക ശക്തിയായി പ്രവർത്തിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പ്രസ്താവിച്ചു.
സഭകളെ തമ്മിൽ യോജിപ്പിക്കുന്ന കണ്ണി ക്രിസ്തുവാണെന്നും ക്രൈസ്തവ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഇത് പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തിയിലൂടെ മാത്രമെ സാധ്യമാകൂവെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ കോട്ടയം അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിലും രാഷ്ട്രനിർമ്മാണത്തിലും സാമൂഹിക നവോത്ഥാനത്തിലും ക്രൈസ്തവ സഭ നടത്തിയ ഇടപെടലുകളെ സാമ്പ്രദായിക ചരിത്രകാരന്മാർ ബോധപൂർവ്വം തമാസ്കരിക്കുകയാണെന്നും ബദൽ ചരിത്ര വായനകൾ ആവശ്യമാണെന്നും ആമുഖ പ്രഭാഷണം നടത്തിയ സംസ്ഥാന പ്രസിഡൻ്റ് ഡോ. പ്രകാശ് പി തോമസ് പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, അഡ്വൈസറി കൗൺസിൽ അംഗങ്ങളായ ഫാദർ പി എ ഫിലിപ്പ്, ഫാദർ എൽ ടി പവിത്രസിങ്, ഫാദർ എ ആർ നോബിൾ, ഫാദർ കെ ജോണുക്കുട്ടി, ഫാദർ ബെന്യാമീൻ ശങ്കരത്തിൽ, ഫാദർ ഗീവർഗീസ് കോടിയാട്ട്, ഫാദർ ജോസ് കരിക്കം, റവ. ഡോ. ജെ ഡബ്ലു പ്രകാശ്, അഡ്വ. അലക്സ് തോമസ്,ശ്രീ പി സജിമോൻ, ശ്രീ കോശി ജോർജ് എന്നിവർ പ്രസംഗിച്ചു.