ചെന്നൈ : ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീതസംവിധായകനും നിർമ്മാതാവുമായ എസ്. പി. ബാലസുബ്രഹ്മണ്യം വിട വാങ്ങി, കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞു വരികെയായിരുന്നു എസ്.പി.ബി. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിലായിരുന്നു. ഇടയ്ക്ക് ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും വഷളാവുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ആരാധകർ പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു.
കൊവിഡ് ബാധിച്ച് ഓഗസ്റ്റ് 5 നാണ് അദ്ദേഹത്തെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യം വഷളാവുകയായിരുന്നു. എംജിഎം ഹെല്‍ത്ത് കെയറിലെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലായിരുന്നു ഗായകന്‍.
സെപ്തംബര്‍ 22 ന് അദ്ദേഹം സുഖം പ്രാപിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും മകന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. സെപ്തംബര്‍ 7 ന് അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിരുന്നു. വിവാഹവാര്‍ഷികവും ആശുപത്രിയില്‍ വെച്ചാണ് ആഘോഷിച്ചത്.
16 ഭാഷകളിലായി 40000 ല്‍ പരം ഗാനങ്ങള്‍ പാടിയിട്ടുള്ള എസ്.പി.ബി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായകന്മാരിലൊരാളാണ്. 2001 ല്‍ പത്മശ്രീ നല്‍കിയും 2011 ല്‍ പത്മഭൂഷന്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആറ് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.