തിരുവല്ല: മാർത്തോമ്മ സഭയുടെ തലവൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത (90) കാലം ചെയ്തു. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി വാർധകൃ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് 2.38ന് ആയിരുന്നു പ്രിയ പിതാവിന്റെ അന്ത്യം. 2007 മുതൽ 13 വർഷം മാർത്തോമ്മാ സഭയെ നയിച്ചു. ബേബി എന്ന് വിളിപ്പേരുള്ള പി.ടി. ജോസഫെന്നായിരുന്നു ആദ്യകാല നാമം. 1931 ജൂണ്‍ 27ന് മാരാമൺ പാലാക്കുന്നത് ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനും ബെംഗളൂരു തിയോളജിക്കൽ കോളജിലെ ബിരുദ പഠനത്തിനും ശേഷം 1957 ജൂണ്‍ 29ന് ശെമ്മാശനായും തുടർന്ന് അതെ വർഷം ഒക്ടോബർ 18ന് വൈദികനായും സഭാ ശുശ്രൂഷയിൽ പ്രവേശിച്ചു. വർഷങ്ങൾക്ക് ശേഷം 1975 ഫെബ്രുവരി 8ന് ജോസഫ് മാർ ഐറേനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയുമായി. അനന്തരം, സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് അയക്കപ്പെട്ടു. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ 2007 ഒക്ടോബർ 2ന് മാർത്തോമ്മാ മെത്രാപ്പോലീത്തയായി. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിൻഗാമിയായിരുന്നു. ലോകോത്തര പ്രസിദ്ധമായ മാരമണ്‍ കണ്‍വൻഷന്റെ ശതോത്തര രജതജൂബിലിക്ക് നേതൃത്വം നൽകി. കൺവൻഷനിലെ രാത്രിയോഗങ്ങളിൽ സ്ത്രീകൾക്കുണ്ടായിരുന്നു വിലക്ക് നീക്കിയതും മെത്രാപ്പൊലീത്തയാണ്. ഇതിനായി കൺവൻഷന്റെ സമയക്രമത്തിലും അദ്ദേഹം മാറ്റം വരുത്തിയിരുന്നു.
മാർത്തോമാ സഭയുടെ വിപ്ലവകരമായ മാറ്റങ്ങൾക്കും ചുക്കാൻ പിടിച്ച മെത്രാപ്പൊലീത്ത അശരണർ, രോഗികൾ, ദരിദ്ര ജനവിഭാഗങ്ങൾ, ആവശ്യത്തിലിരിക്കുന്നവർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും ചിലവഴിച്ചിരുന്നു. ഭിന്നശേഷിക്കാർക്ക് വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവൻ, മാവേലിക്കരയിലെ ജ്യോതിസ് എന്നിവ തുടങ്ങിയ മെത്രാപ്പൊലീത്ത മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്ഥാനവും ഭിന്ന ലിംഗക്കാരെ മുൻ നിരയിലേക്കു നയിക്കാനുള്ള പുതിയ പദ്ധതിയും ആരംഭിച്ചിരുന്നു. പ്രളയ ദുരിതം നേരിടുന്നവർക്കു വേണ്ടി സഭയുടെ 100 വീടുകൾ എന്ന പദ്ധതിയും മെത്രാപ്പൊലീത്തയുടെ ആർദ്ര മനസ്സിന്റെ ഉദാഹരണമാണ്. റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ് ഇടവകകളിലെ വികാരി, സുവിശേഷ സംഘം സഞ്ചാര സെക്രട്ടറി, കേരള കൗൺസിൽ ഓഫ് ചർച്ചസ്, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ, ഏഷ്യൻ ബിഷപ്സ് കോൺഫറൻസ്, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്, ക്രിസ്ത്യൻ ഏജൻസി ഫോർ സോഷ്യൽ ആക്ഷൻ സിഎസ്ഐ– സിഎൻഐ– മാർത്തോമ്മാ സഭ ഐക്യസമിതി, മാർത്തോമ്മാ–യാക്കോബായ ഡയലോഗ് എന്നിവയിലെ നേതൃത്വം തുടങ്ങിയ ചുമതലകൾ വഹിച്ചു. തിരുവനന്തപുരം ഹോസ്പിറ്റൽ ആൻഡ് ഗൈഡൻസ് സെന്റർ, തിരുവനന്തപുരം മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ, ആയൂർ മാർത്തോമ്മാ കോളജ് ഓഫ് ടെക്നോളജി, ജൂബിലി മന്ദിരം കൊട്ടാരക്കര, അഞ്ചൽ ഐടിസി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കു തുടക്കമിട്ടു. ദലിത് ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി ഡൽഹിയിൽ മാർച്ചിനു നേതൃത്വം നൽകി. തെക്കൻ തിരുവിതാംകൂർ വികസന–മിഷനറി പ്രവർത്തനം, ഹോസ്ക്കോട്ട–അങ്കോല മിഷനറി പ്രവർത്തനം, ലാത്തൂർ, ഒഡീഷ, ഗുജറാത്ത്, ബംഗാൾ, ആന്ധ്ര ഭൂകമ്പ–പ്രളയ ദുരിതാശ്വാസ പ്രവർത്തനം, സൂനാമി ദുരിതാശ്വാസ പ്രവർത്തനം, നാഗാലാൻഡ്, മണിപ്പുർ, കിഴക്കൻ തിമോർ, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ സമാധാന ചർച്ചകളിലെ നേതൃത്വം, യുഎൻ ലോക മതസമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവ് തുടങ്ങിയവയിലൂടെ ലോക ശ്രദ്ധനേടി. ശാലോം ധ്വനി കുടുംബത്തിന്റെ അനുശോചനം.