പാലാ: സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനും കോണ്ഗ്രസ് നേതാവുമായിരുന്ന കെ.എം. ചുമ്മാർ (88) അന്തരിച്ചു. ചരിത്രപണ്ഠിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിമർശകൻ, ലേഖകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. വാർധ്യക്യസഹജമായ അസുഖത്തെത്തുടർന്ന് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം.
വേഴാങ്ങാനം കാര്യങ്കൽ കെ.സി.ചുമ്മാറിന്റെയും ഏലിയാമ്മയുടെയും മൂത്ത പുത്രനായി 1933 മേയ് 15ന് ജനിച്ചു. വേഴാങ്ങാനം, പ്രവിത്താനം സ്കൂളുകളിലും പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളേജിലും പഠിച്ച് 1957-ൽ ബിഎബിടി പാസായി. തുടർന്ന് പ്രവിത്താനം ഹൈസ്ക്കൂളിൽ അധ്യാപകനായി. 1988-ൽ പെരിങ്ങുളം സ്കൂളിൽനിന്നു ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു.
1989 മുതൽ 1996 വരെ കെപിസിസി മെന്പറായിരുന്നു. കോണ്ഗ്രസിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും സംബന്ധിച്ച് എണ്ണമറ്റ പഠന ക്ലാസുകളും പ്രസംഗങ്ങളും നടത്തിയിട്ടുണ്ട്. ഗ്രന്ഥശാല പ്രസ്ഥാനത്തിലും കേരള സാഹിത്യ അക്കാഡമി അംഗമായി രണ്ടു തവണയും പ്രവർത്തിച്ചു.
നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഇ.എം.എസിന്റെ ഇസം, സഖാവ് കൃഷ്ണൻപിള്ളയെ കടിച്ച പാന്പ് ആര്, സെന്റ് തോമസ് കോളജ് പാലാ ചരിത്രം, ഇ.എം.എസിനും മാർകിസ്റ്റ് പാർട്ടിക്കുമെതിരേ, മാർകിസ്റ്റ് പാർട്ടിയും ആദർശനിഷ്ഠയും, കേരളാ കോണ്ഗ്രസ് എങ്ങോട്ട്, കിറ്റ് ഇന്ത്യാ സമരവും കമ്മ്യൂണിസ്റ്റ് പാർട്ടിയും, കോണ്ഗ്രസ് കേരളത്തിൽ, തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മറുപുറം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
1964-ൽ സഹഅധ്യാപികയായിരുന്ന പ്ലാത്തോട്ടത്തിൽ അന്നക്കുട്ടിയെ വിവാഹം ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ അവർ മരിച്ചു. 1968-ൽ എടത്വാ പാപ്പള്ളിൽ മറിയമ്മ എന്ന അധ്യാപികയെ രണ്ടാം വിവാഹം കഴിച്ചു. മക്കൾ: തോമസുകുട്ടി, സജിമോൾ, സിബി, സുനിൽ. സംസ്കാരം പിന്നീട്.